റാസൽഖൈമയിലെ പ്രശസ്തമായ 'പ്രേതഭവനം' വീണ്ടും വിൽപ്പനയ്ക്ക്; വില 2.35 കോടി ദിർഹം

റാസല്‍ഖൈമയിലെ പ്രേതഭവനം
റാസല്‍ഖൈമയിലെ പ്രേതഭവനം

ദുബായ്: റാസൽഖൈമയിലെ പ്രേതഭവനം എന്നറിയപ്പെടുന്ന'അൽ ഖാസിമി കൊട്ടാരം' വീണ്ടും വിൽപ്പനയ്ക്ക്. അത്ഭുത കൊട്ടാരത്തിന്റെ നിഗൂഢമായ ചരിത്രം തന്നെയാണ് ഇതിന് പുതിയ വിപണി മൂല്യം സമ്മാനിക്കുന്നത്. ഫർണിച്ചറുകൾ ഇല്ലാതെ 2.25 കോടി ദിർഹത്തിനും അതിലെ അപൂർവ്വ പുരാവസ്തുക്കളും ശേഖരങ്ങളും ഉൾപ്പെടെ 2.35 കോടി ദിർഹത്തിനുമാണ് കൊട്ടാരം വിപണിയിൽ വിൽക്കാൻ വെച്ചിരിക്കുന്നത്.
33,827 ചതുരശ്ര അടി വിസ്തീർണ്ണമുള്ള നിർമ്മിതിയോടെ 1,91,742 ചതുരശ്ര അടി സ്ഥലത്താണ് ഈ കൂറ്റൻ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 35 കിടപ്പുമുറികളുള്ള ഈ മനോഹര സൗധത്തിന്റെ വിൽപ്പനച്ചുമതല ബിഷപ്പ് ആൻഡ് നൈറ്റ് എന്ന റിയൽ എസ്റ്റേറ്റ് ഏജൻസിക്കാണ്. പ്രമുഖ ലക്ഷ്വറി റിയൽ എസ്റ്റേറ്റ് അഡൈ്വസറായ അബൂബക്കർ സിദ്ദീഖുമായി ചേർന്നാണ് കൊട്ടാരം നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ബ്രിട്ടൻ, ഇന്ത്യ, ഗൾഫ് മേഖല എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി അന്താരാഷ്ട്ര നിക്ഷേപകർ ഇതിനോടകം തന്നെ കൊട്ടാരം വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് കരാറുകൾ സമർപ്പിച്ചിട്ടുണ്ടെന്ന് അബൂബക്കർ വ്യക്തമാക്കി. റാസൽഖൈമയിലെ അൽ മർജാൻ ഐലൻഡിന്റെയും ടൂറിസം മേഖലയുടെയും വൻ വികസന സാധ്യതകളാണ് നിക്ഷേപകരെ പ്രധാനമായും ആകർഷിക്കുന്നത്.

35 വർഷത്തെ നിഗൂഢതയും 50 കോടി ദിർഹത്തിന്റെ നിർമ്മാണവും
1985-ൽ റാസൽഖൈമ ഭരണകുടുംബത്തിലെ അംഗമായിരുന്ന പരേതനായ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ ഖാസിമിയാണ് ഒരു കുന്നിൻ മുകളിൽ ഈ കൊട്ടാരം പണിതുയർത്തിയത്. ഇറാൻ, മൊറോക്കോ, ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ദ്ധരെ എത്തിച്ച് വിചിത്രവും അപൂർവ്വവുമായ കൊത്തുപണികളും ചുവർച്ചിത്രങ്ങളും മൊസൈക്കുകളും ഉപയോഗിച്ചായിരുന്നു നിർമ്മാണം. ഫ്രഞ്ച്, ബെൽജിയൻ ക്രിസ്റ്റൽ ചാൻഡിലിയറുകളും പാവകളുടെയും പക്ഷികളുടെയും പ്ലാസ്റ്റർ ശില്പങ്ങളും കൊട്ടാരത്തിന് അലങ്കാരമായി. അക്കാലത്ത് 50 കോടി ദിർഹം ചെലവിട്ടാണ് ഇത് പൂർത്തിയാക്കിയതെന്നാണ് കണക്ക്. എന്നാൽ, മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപത്തിലുള്ള ശില്പങ്ങളോടുള്ള കുടുംബത്തിന്റെ എതിർപ്പുകൾ കാരണം ശൈഖ് അബ്ദുൽ അസീസ് ഒരിക്കലും ഇവിടെ താമസിച്ചിരുന്നില്ല. തുടർച്ചയായി 35 വർഷത്തോളം കൊട്ടാരം ആൾപാർപ്പില്ലാതെ കിടന്നതോടെയാണ് രാത്രികാലങ്ങളിൽ ലൈറ്റുകൾ മിന്നിമറയുന്നുവെന്നും വിചിത്ര ശബ്ദങ്ങൾ കേൾക്കുന്നുവെന്നുമുള്ള കഥകൾ പ്രചരിക്കാൻ തുടങ്ങിയത്. തുടർന്ന് 2019-ൽ താരിഖ് അഹമ്മദ് അൽ ഷർഹാൻ എന്ന വ്യക്തി ഇതിനെ 'അൽ ഖസർ അൽ ഗാമിദ്' (ആശയക്കുഴപ്പങ്ങളുടെ കൊട്ടാരം) എന്ന പേരിൽ ഒരു മ്യൂസിയമാക്കി മാറ്റി. നിലവിൽ ഒരാൾക്ക് 75 ദിർഹം ടിക്കറ്റ് നിരക്കിൽ കൊട്ടാരത്തിനുള്ളിൽ പ്രവേശിക്കാൻ അനുവാദമുണ്ട്.

ഭാവി വികസന സാധ്യതകൾ
പഴയകാല ചരിത്രപരമായ നിയന്ത്രണങ്ങളൊന്നും ഈ വസ്തുവിന് ബാധകമല്ലാത്തതിനാൽ പുതിയ ഉടമസ്ഥന് ഇത് പൂർണ്ണമായും പൊളിച്ചുപണിയാനോ, നവീകരിക്കാനോ അല്ലെങ്കിൽ നിലവിലുള്ള മാതൃകയിൽ തനതായി നിലനിർത്താനോ സാധിക്കും. ഒരു വലിയ കുടുംബത്തിന് ഒത്തുകൂടാനുള്ള സ്വകാര്യ വസതിയായോ, അല്ലെങ്കിൽ അനുമതികൾക്ക് വിധേയമായി വൻകിട റിസോർട്ടോ ടൂറിസം കേന്ദ്രമോ ആയോ ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും. റാസൽഖൈമയുടെ ടൂറിസം കുതിപ്പിന് പുതിയ ജീവൻ നൽകാൻ ഈ പ്രേത ബംഗ്ലാവിന്റെ കൈമാറ്റത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.