റെയിൽ ഗതാഗതരംഗത്ത് കുതിച്ചുചാട്ടത്തിന് ദുബായ്

റെയിൽ എക്സ് കോൺഫറൻസ് 2027-ൽ

ദുബായ് : ആഗോള റെയിൽവേ-ഗതാഗത മേഖലയിലെ പ്രമുഖരെ അണിനിരത്തിക്കൊണ്ട് ‘റെയിൽ എക്‌സ് ദുബായ് കോൺഫറൻസ് ആൻഡ് എക്‌സിബിഷൻ’ സംഘടിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ 2027 മേയ് 31 മുതൽ ജൂൺ രണ്ടു വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് മേള നടക്കുക.

‘റെയിൽ, മൊബിലിറ്റി മേഖലകളുടെ ഭാവി നിർമിതി’ എന്ന പ്രമേയത്തിൽ നടക്കുന്ന പ്രഥമ പതിപ്പിൽ 5,000-ത്തിലധികം പ്രതിനിധികളും 60-ലധികം അന്താരാഷ്ട്ര പ്രദർശകരും 70-ലധികം വിദഗ്ധ പ്രഭാഷകരും പങ്കെടുക്കും. ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായറാണ് വാർത്താ സമ്മേളനത്തിൽ വിവരങ്ങൾ പുറത്തുവിട്ടത്. ചൈന റെയിൽവേ റോളിങ് സ്റ്റോക്ക് കോർപ്പറേഷൻ മിഡിലീസ്റ്റ് കമേഴ്സ്യൽ ഡയറക്ടർ ഡെങ് വെയ്, ആർ.ടി.എ. റെയിൽ ഏജൻസി സി.ഇ.ഒ അബ്ദുൽ മൊഹ്‌സിൻ കൽബത്ത്, ഓർഗനൈസിങ് കമ്മിറ്റി ചെയർപേഴ്സൺ മൂസ അൽ മർറി എന്നിവരും പങ്കെടുത്തു.

ജി.സി.സി, മിഡിലീസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നീ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴികൾ, അതിവേഗ റെയിൽവേ പദ്ധതികൾ, എ.െഎ., ഓട്ടോമേഷൻ, ഡിജിറ്റൽ ട്വിൻ, സൈബർ സുരക്ഷ, ഹരിത സാങ്കേതികവിദ്യകൾ, പൊതു-സ്വകാര്യ പങ്കാളിത്തം, ഗ്രീൻ ബോണ്ടുകൾ, സുകൂക്, വികസന നിക്ഷേപങ്ങൾ, ദേശീയ ഗതാഗത തന്ത്രങ്ങൾ, മൾട്ടിമോഡൽ ഗതാഗത സംയോജനം, വികസന നയങ്ങൾ, സ്മാർട്ട് സിറ്റി സേവനങ്ങൾ, മൊബിലിറ്റി ആസ് എ സർവീസ്, യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തൽ എന്നിങ്ങനെ റെയിൽവേ ശൃംഖലകളുടെയും സംയോജിത ഗതാഗതത്തിന്റെയും ഭാവി ലക്ഷ്യമിട്ട് വിവിധ പ്രധാന പ്രമേയങ്ങളിലാണ് റെയിൽ എക്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ, ചൈന, സിങ്കപ്പൂർ തുടങ്ങിയ മുൻനിര വിപണികളിൽ നിന്നുള്ള സാങ്കേതികവിദ്യകളും അനുഭവങ്ങളും മേളയിൽ പങ്കുവെക്കും. യാത്രക്കാരുടെയും ചരക്കുഗതാഗതത്തിന്റെയും കാര്യക്ഷമത വർധിപ്പിക്കുന്ന പുതിയ ട്രെയിനുകൾ, സിഗ്നലിങ് സംവിധാനങ്ങൾ, സ്മാർട്ട് മെയിന്റനൻസ് തുടങ്ങിയ സംവിധാനങ്ങൾ അനുബന്ധ എക്സിബിഷനിൽ പ്രദർശിപ്പിക്കും. ദുബായ് അർബൻ മാസ്റ്റർ പ്ലാൻ 2040, ആർ.ടി.എ സ്ട്രാറ്റജിക് പ്ലാൻ 2030 എന്നിവയ്ക്ക് അനുസൃതമായി നഗരത്തിലെ ജീവിതനിലവാരം ഉയർത്താനും ബിസിനസ് നിക്ഷേപങ്ങൾ ആകർഷിക്കാനും ഈ അന്താരാഷ്ട്ര സംഗമം വഴിയൊരുക്കും.

ദുബായ് മെട്രോയും ട്രാമും ഉൾപ്പെടുന്ന പൊതുഗതാഗത ശൃംഖല ദിനംപ്രതി ശക്തിപ്പെടുകയാണെന്ന് മത്തർ അൽ തായർ വ്യക്തമാക്കി. ദുബായിലെ ആകെ പൊതുഗതാഗത യാത്രക്കാരിൽ 40 ശതമാനവും ആശ്രയിക്കുന്നത് മെട്രോയെയാണ്. 2009 -ൽ പ്രവർത്തനം ആരംഭിച്ചതു മുതൽ ഇതുവരെ ഏകദേശം 300 കോടി ആളുകളാണ് ദുബായ് മെട്രോയിൽ യാത്ര ചെയ്തത്. നിലവിൽ പുരോഗമിക്കുന്ന 'ബ്ലൂ ലൈൻ' പദ്ധതിക്ക് പുറമെ 'ഗോൾഡ് ലൈൻ' പദ്ധതിക്കുള്ള ടെൻഡറുകൾ ഈ വർഷാവസാനത്തോടെ ക്ഷണിക്കും. 5,500 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ മെട്രോ ശൃംഖലയുടെ നീളം നിലവിലെ 90 കിലോമീറ്ററിൽ നിന്ന് 162 കിലോമീറ്ററായി (80ശതമാനം വർധന) ഉയരും. ബ്ലൂ ലൈൻ 2029-ലും ഗോൾഡ് ലൈൻ 2032-ലും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് മെട്രോ; പഠനം ആരംഭിച്ചു

ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെയും (ഡി.എക്‌സ്.ബി.), അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തെയും (ഡി.ഡബ്ല്യു.സി) തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ മെട്രോ ലിങ്ക് പദ്ധതിക്കായി പഠനങ്ങൾ ആരംഭിച്ചതായി ആർ.ടി.എ.

വിമാനത്താവള അധികൃതരുമായും അന്താരാഷ്ട്ര കൺസൾട്ടന്റുമാരുമായും സഹകരിച്ചാണ് ഇതിന്റെ പഠനങ്ങൾ പുരോഗമിക്കുന്നത്. പദ്ധതി സംബന്ധിച്ച അന്തിമ റിപ്പോർട്ടും നിഗമനങ്ങളും തയ്യാറാകാൻ ഏകദേശം ഒരു വർഷത്തോളം സമയമെടുക്കുമെന്ന് മത്തർ അൽ തായർ അറിയിച്ചു.