യു.എ.ഇ.യിൽ വിവിധയിടങ്ങളിൽ മഴ പെയ്തു

ഫുജൈറ : രാജ്യത്തെ വിവിധ എമിറേറ്റുകളിൽ ബുധനാഴ്ച ശക്തമായ മഴപെയ്തതായി യു.എ.ഇ. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (എൻ.സി.എം.) അധികൃതർ അറിയിച്ചു.
ഫുജൈറയിലെ അൽ ത്വയീൻ റോഡ്, ദിബ്ബ-അൽ-ഫുജൈറ, റാസൽഖൈമയിലെ ജബൽ മുബ്ര എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. ചിലയിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽവരെ കാറ്റു വീശിയേക്കുമെന്നും മുന്നറിയുപ്പുണ്ടായിരുന്നു.
അസ്ഥിര കാലാവസ്ഥ വെള്ളിയാഴ്ചവരെ തുടർന്നേക്കാം. വാഹന യാത്രക്കാരോട് അതിജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. സുരക്ഷിത യാത്രയ്ക്കായി ഇലക്േട്രാണിക് ഇൻഫർമേഷൻ ബോർഡുകളിലെ വേഗപരിധികൾ കൃത്യമായി പാലിക്കണം. വാഹനമോടിക്കുമ്പോൾ മഴച്ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കരുത്.
ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റങ്ങൾ സ്വന്തം ജീവനും മറ്റു റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കും. നിയമലംഘകർക്ക് 800 ദിർഹം പിഴ ചുമത്തുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.