റിയൽ എസ്റ്റേറ്റിൽ കുതിച്ച് അജ്മാൻ

അജ്മാൻ : കഴിഞ്ഞമാസം എമിറേറ്റിൽ മൊത്തം 190 കോടി ദിർഹത്തിന്റെ 1143 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ പൂർത്തിയാക്കിയതായി അജ്മാൻ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് അധികൃതർ അറിയിച്ചു.

അജ്മാനിലുടനീളമുള്ള വിവിധ പദ്ധതികളിലുള്ള നിക്ഷേപകരുടെ താത്പര്യവും വിശ്വാസവുമാണ് ഇതിൽ വ്യക്തമാകുന്നതെന്ന് വകുപ്പ് ഡയറക്ടർ ജനറൽ എൻജിനിയർ ഒമർ ബിൻ ഒമൈർ അൽ മുഹൈരി പറഞ്ഞു.

വിവിധ സ്ഥലങ്ങളിലായി നടന്ന 879 റിയൽ എസ്റ്റേറ്റ് ഇടപാടുകളിലൂടെ 144 കോടി ദിർഹം ലഭിച്ചു. അൽ നഖീൽ രണ്ടിലാണ് ഏറ്റവും ഉയർന്ന തുകയുടെ ഇടപാടുകൾ രേഖപ്പെടുത്തിയത്. എമിറേറ്റ്‌സ് സിറ്റി, അസ്ഹ കമ്യൂണിറ്റി, അജ്മാൻ വൺ, അൽ ഹെലിയോ രണ്ട്, അൽ ഹെലിയോ ഒന്ന്, അൽ സഹ്യ എന്നീ പദ്ധതികളിലും ഒട്ടേറെ ഇടപാടുകൾ നടന്നു.

റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് മികച്ച അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളുമാണ് സർക്കാർ ഒരുക്കുന്നത്. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നുമുണ്ട്. നിക്ഷേപകർക്ക് ആവശ്യാനുസരണം വിവരങ്ങളും സേവനങ്ങളും വേഗത്തിലും കൃത്യമായും നൽകാനും ഒട്ടേറെ സംവിധാനങ്ങളുമുണ്ട്.

നിലവിൽ അൽ സോറ മേഖലയിലെ റിയൽ എസ്റ്റേറ്റ്, അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ പുരോഗമിക്കുകയാണ്. അജ്മാൻ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി താമസക്കാർക്കും നിക്ഷേപകർക്കും സന്ദർശകർക്കും മികച്ച സൗകര്യങ്ങൾ ലഭ്യമാക്കാനും ജീവിതനിലവാരം ഉയർത്തുകയുമാണ് ലക്ഷ്യം.

തീരദേശ, പാരിസ്ഥിതിക സവിശേഷതകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പദ്ധതി ഒരുങ്ങുന്നത്.