‘ഓപ്പറേഷൻ ഷിവൽറസ് നൈറ്റ്’ സംഘത്തിന് ശൈഖ് സെയ്ഫ് ബിൻ സായിദിന്റെ ആദരം

അബുദാബി : ‘ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് മൂന്ന്’ സംഘത്തെ യു.എ.ഇ. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ആദരിച്ചു. മാനുഷിക പ്രവർത്തനങ്ങളിലൂടെ ആഗോളതലത്തിൽ രാജ്യത്തിന്റെ പദവി ശക്തമാക്കുന്നതിന് മികച്ച സംഭാവനകൾ നൽകിയത് പരിഗണിച്ചാണിത്.

സംഘത്തിന്റെ പ്രവർത്തനങ്ങൾ ഒട്ടേറെ ആളുകളിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ശൈഖ് സെയ്ഫ് പറഞ്ഞു. നിരാലംബർക്ക് പിന്തുണയും പ്രതീക്ഷയും നൽകുന്നതിലാണ് സംഘം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫ്യൂച്ചർ ലീഡേഴ്‌സ് എംപവർമെൻറ് പ്രോഗ്രാമിലൂടെ യുവാക്കൾക്ക് മാനുഷിക പ്രവർത്തനങ്ങളുടെ ഭാഗമാകാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈജിപ്തിലെ അൽ അരീഷിൽ നടത്തിയ ഫീൽഡ് ദൗത്യത്തിൽ ഫ്യൂച്ചർ ലീഡേഴ്‌സ് എംപവർമെൻറ് പ്രോഗ്രാമിന്റെ പ്രതിനിധി സംഘം പങ്കെടുത്തിരുന്നു. പലസ്‌തീൻ ജനതയ്ക്കായി നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് അറിവ് നേടാനും ഇതുവഴി സാധിച്ചു. 2023-ൽ ദൗത്യം ആരംഭിച്ചതുമുതൽ ഗാസ മുനമ്പിലേക്ക് 1,30,000 ടണ്ണിലേറെ സഹായവസ്തുക്കൾ യു.എ.ഇ. നൽകിയിട്ടുണ്ട്.

792 വിമാനങ്ങൾ, 14,000-ത്തിലേറെ ട്രക്കുകൾ, 25 കപ്പലുകൾ എന്നിവ മുഖേനയാണ് സഹായമെത്തിച്ചത്. പ്രതിദിനം 20 ലക്ഷം ഗാലൻ ജലം പമ്പ് ചെയ്യുന്ന ആറ് ഡീസാലിനേഷൻ പ്ലാന്റുകൾ സ്ഥാപിക്കുകയും 6,40,000 പോളിയോ പ്രതിരോധ കുത്തിവയ്‌പ്പുകൾ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ സംഘർഷത്തിൽ പരിക്കേറ്റവരും കുട്ടികളും അർബുദ ബാധിതരും ഉൾപ്പടെ രണ്ട് ലക്ഷത്തോളം ആളുകൾക്ക് മികച്ച ചികിത്സാ സേവനങ്ങൾ നൽകുകയും ചെയ്തു.