20 കോടിയിലേറെ പൂക്കളുമായി ദുബായ് മിറാക്കിൾ ഗാർഡൻ തുറന്നു

ദുബായ് : ലോകത്തിലെ ഏറ്റവും വലിയ സ്വാഭാവിക പുഷ്പോദ്യാനമായ ദുബായ് മിറക്കിൾ ഗാർഡന്റെ 15-ാമത് പതിപ്പ് പ്രവർത്തനമാരംഭിച്ചു. 'പതിനഞ്ചുവർഷങ്ങൾ, ഒന്നിച്ച് വിരിയുന്നു' എന്ന പ്രമേയത്തിൽ ഒരുക്കിയിരിക്കുന്ന പുതിയ സീസൺ മിറാക്കിൾ ഗ്രൂപ്പ് ചെയർമാൻ ശൈഖ് തയാബ് ബിൻ തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ വ്യാഴാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മിറക്കിൾ ഗ്രൂപ്പ് വൈസ് ചെയർമാൻ ഹംദാൻ അൽ കഅബി, ഗ്രൂപ്പ് സി.ഇ.ഒ. എൻജി. മുഹമ്മദ് സാഹിർ ഹമ്മാദി എന്നിവരും വിനോദസഞ്ചാര മേഖലയിലെ പ്രമുഖരും പങ്കെടുത്തു.

2027 മേയ് 31 വരെ നീളുന്ന ഈ വസന്തോത്സവത്തിൽ 72,000 ചതുരശ്രമീറ്റർ വിസ്തൃതിയിലായി 20 കോടിയിലധികം പൂക്കളാണ് സന്ദർശകർക്കായി സജ്ജീകരിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായി ഓരോ ആഴ്ചയും വ്യത്യസ്ത തീമുകളിലാണ് പാർക്ക് പൊതുജനങ്ങൾക്ക് മുന്നിലെത്തുന്നത്.

കഴിഞ്ഞ 15 വർഷമായി ദുബായുടെ വളർച്ചയ്‌ക്കൊപ്പം മിറക്കിൾ ഗാർഡനും പങ്കാളിയാകുകയാണെന്നും, തുടർച്ചയായി ഇവിടേയ്ക്കെത്തുന്ന കുടുംബങ്ങൾക്കും താമസക്കാർക്കുമായാണ് ഇത്തവണത്തെ സീസൺ സമർപ്പിക്കുന്നതെന്നും ഉദ്ഘാടന വേളയിൽ ശൈഖ് തയാബ് പറഞ്ഞു. ദേശീയ-സാംസ്കാരിക ആഘോഷങ്ങൾക്ക് അനുസൃതമായാണ് പ്രതിവാര തീമുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യ മാസങ്ങളിൽ പിങ്ക് ഒക്ടോബർ, ഐക്യരാഷ്ട്രസഭാ ദിനം, യു.എ.ഇ. പതാകാദിനം, ദീപാവലി എന്നിവയോടനുബന്ധിച്ചുള്ള പ്രത്യേക കലാ-സാംസ്‌കാരിക പരിപാടികളും ലൈവ് സംഗീത ഷോകളും അരങ്ങേറും. കൂടാതെ, ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായുള്ള കായികപരിപാടികൾ, സ്മരണാ ദിനം, ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾ എന്നിവയും ഉദ്യാനത്തിൽ സജ്ജീകരിക്കും.

ഗിന്നസ് റെക്കോഡുകൾ കരസ്ഥമാക്കിയ കൂറ്റൻ പുഷ്പശില്പങ്ങൾക്ക് പുറമെ 150-ലധികം വൈവിധ്യമാർന്ന പുഷ്പയിനങ്ങളാണ് ഇത്തവണ ഉദ്യാനത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. അൽ ബർഷ സൗത്ത് 3-ൽ സ്ഥിതി ചെയ്യുന്ന മിറാക്കിൾ ഗാർഡനിൽ സാധാരണ ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയും, വാരാന്ത്യങ്ങളിൽ രാവിലെ ഒമ്പതുമുതൽ രാത്രി 11‌ വരെയുമാണ് പ്രവേശനം. മുതിർന്നവർക്ക് 105 ദിർഹവും കുട്ടികൾക്ക് 84 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.