വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ഇനി വീട്ടുപടിക്കലെത്തും

റാസൽഖൈമ : വാഹന ഉടമകൾക്ക് വലിയ ആശ്വാസമേകിക്കൊണ്ട് രാജ്യത്തെ ഏഴ് എമിറേറ്റുകളിലേക്കും വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ നേരിട്ട് എത്തിച്ചുനൽകുന്ന ദേശീയ ഡെലിവറി സേവനം ആരംഭിച്ച് റാസൽഖൈമ പബ്ലിക് റിസോഴ്സസ് അതോറിറ്റി.
പുതിയ സംവിധാനത്തിലൂടെ വിതരണ കേന്ദ്രങ്ങളിൽ നേരിട്ട് ഹാജരാകാതെ തന്നെ വാഹനയാത്രക്കാർക്ക് യു.എ.ഇ.യിലെ തങ്ങൾക്കിഷ്ടമുള്ള ഏത് സ്ഥലത്തും നമ്പർ പ്ലേറ്റുകൾ കൈപ്പറ്റാൻ സാധിക്കും.
ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ അബുദാബിയുടെ 'താം' ഡിജിറ്റൽ ഗവൺമെന്റ് സേവന പ്ലാറ്റ്ഫോം വഴിയോ ഇലക്ട്രോണിക് ആയി ഈ സേവനത്തിനായി അപേക്ഷിക്കാവുന്നതാണ്.
എല്ലാത്തരം വാഹന നമ്പർപ്ലേറ്റുകളും ഈ ഡെലിവറി സേവനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു. പ്രത്യേകിച്ച് റാസൽഖൈമയ്ക്ക് പുറത്തുള്ള മറ്റ് എമിറേറ്റുകളിൽ താമസിക്കുന്ന വാഹനഉടമകൾക്ക് നമ്പർ പ്ലേറ്റ് ശേഖരിക്കാനായി റാസൽഖൈമയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സമയവും അധ്വാനവും ലാഭിക്കാൻ ഇതിലൂടെ സാധിക്കും. അതേസമയം, റാസൽഖൈമയിലെ അതോറിറ്റിയുടെ നമ്പർ പ്ലേറ്റ് നിർമ്മാണ കേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നവർക്ക് സൗജന്യമായി നമ്പർ പ്ലേറ്റ് ഘടിപ്പിച്ചു നൽകുന്ന സേവനം തുടർന്നും ലഭ്യമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെയാണ് വാഹന ഉടമകൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയുക. ആദ്യമായി ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്പ് വഴിയോ 'താം' പ്ലാറ്റ്ഫോം വഴിയോ ഡെലിവറി അപേക്ഷ സമർപ്പിക്കുകയും, യു.എ.ഇ.യിലുടനീളം നമ്പർ പ്ലേറ്റ് എത്തിക്കേണ്ട ഇഷ്ടപ്പെട്ട സ്ഥലം വ്യക്തമാക്കുകയും വേണം. തുടർന്ന് ഡെലിവറി വിശദാംശങ്ങൾ സ്ഥിരീകരിക്കുന്നതിനും അനുയോജ്യമായ സമയവും സ്ഥലവും ക്രമീകരിക്കുന്നതിനുമായി അധികൃതർ അപേക്ഷകനെ ബന്ധപ്പെടും. നമ്പർ പ്ലേറ്റ് കൈമാറുന്ന സമയത്ത് പരിശോധനാ നടപടികൾ പൂർത്തിയാക്കുന്നതിനായി അപേക്ഷകൻ തങ്ങളുടെ എമിറേറ്റ്സ് ഐ.ഡി. ഹാജരാക്കേണ്ടതാണ്.
സേവന ശൃംഖലകൾ വിപുലീകരിക്കുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള അതോറിറ്റിയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ സംരംഭമെന്ന് റാസൽഖൈമ പബ്ലിക് റിസോഴ്സസ് അതോറിറ്റി ഓപ്പറേഷണൽ സർവീസസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുൾനാസർ അഹമ്മദ് അൽ അവാദി പറഞ്ഞു.
എല്ലാ എമിറേറ്റുകളിലേക്കും നമ്പർ പ്ലേറ്റ് വിതരണം വ്യാപിപ്പിക്കുന്നതിലൂടെ വാഹനയാത്രക്കാർക്ക് സൗകര്യപ്രദമായ ഇടങ്ങളിൽ വെച്ച് ഇടപാടുകൾ പൂർത്തിയാക്കാനും സമയം ലാഭിക്കാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.