ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് തുണയായി 'ഫ്ലയിങ് ഐ.സി.യു.'

അബുദാബി : ലോകത്തിന്റെ വിവിധ കോണുകളിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ യു.എ.ഇ. ആസ്ഥാനമായുള്ള അത്യാധുനിക എയറോമെഡിക്കൽ സർവീസ്. പ്രവർത്തനം ആരംഭിച്ച് ആദ്യ അഞ്ച് മാസത്തിനുള്ളിൽ തന്നെ അഞ്ച് ഭൂഖണ്ഡങ്ങളിലെ 20 രാജ്യങ്ങളിലായി ആയിരത്തോളം മണിക്കൂറുകളാണ് ഈ പറക്കും ഐ.സി.യു. സർവീസ് പൂർത്തിയാക്കിയത്. റെസ്‌പോൺസ് പ്ലസ് ഹോൾഡിങ്ങിന്റെ എയറോമെഡിക്കൽ വിഭാഗമായ 'ഐകാറ്റ് റെസ്‌പോൺസ് പ്ലസ്' ആണ് അബുദാബി കേന്ദ്രീകരിച്ച് വിപ്ലവകരമായ സേവനം നൽകുന്നത്.
അടിയന്തരവും സങ്കീർണവുമായ ചികിത്സകൾ ആവശ്യമുള്ള രോഗികളെ വിവിധ രാജ്യങ്ങളിലെ ആശുപത്രികൾ തമ്മിൽ സുരക്ഷിതമായി മാറ്റുന്നതിനാണ് സർവീസ് പ്രധാനമായും ഉപയോഗിക്കുന്നത്. സമ്പൂർണ സജ്ജീകരണങ്ങളുള്ള 'ചാലഞ്ചർ 605' എന്ന പ്രത്യേക വിമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്.
ആകാശത്തുവെച്ച് തന്നെ രോഗികളുടെ ആരോഗ്യനില തത്സമയം നിരീക്ഷിക്കാനും അത്യാവശ്യ ചികിത്സകൾ നൽകാനും കഴിയുന്ന ഒരു പൂർണ സജ്ജീകരണങ്ങളുള്ള ഐ.സി.യു. തന്നെയാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.
തുടർച്ചയായി 7,400 കിലോമീറ്റർ വരെ പറക്കാൻ ഈ വിമാനത്തിന് സാധിക്കും. ജി.സി.സി. രാജ്യങ്ങളിൽനിന്ന് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് രോഗികളെ എത്തിക്കാൻ സംവിധാനം ഉപയോഗിക്കുന്നുണ്ട്.
നവജാത ശിശുക്കൾക്കും തുണയായി
: ജനിച്ച് മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കൃത്രിമ ശ്വസന-രക്തചംക്രമണ സംവിധാനമായ എക്‌മോ ഘടിപ്പിച്ചുകൊണ്ടാണ് വിമാനത്തിൽ യാത്ര തിരിച്ചത്. ഇതുവരെ 390-ലധികം എക്‌മോ ട്രാൻസ്ഫറുകൾ ഇവർ പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ നൈട്രിക് ഓക്‌സൈഡ്, ഓസിലേറ്ററി വെന്റിലേറ്റർ സഹായം എന്നിവ ആവശ്യമുള്ള ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെയും സുരക്ഷിതമായി ഇവർ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു.
'ബെഡ്-ടു-ബെഡ്' സേവന രീതി
: ഗുരുതരാവസ്ഥയിലുള്ള രോഗികളെ അന്താരാഷ്ട്രതലത്തിൽ കൊണ്ടുപോകുന്നത് കേവലം യാത്രാസൗകര്യം ഒരുക്കൽ മാത്രമല്ലെന്ന് ഐകാറ്റ് റിസ്‌പോൺസ് പ്ലസ് ചെയർമാൻ ഡോ. രോഹിൽ രാഘവൻ പറഞ്ഞു. 'വളരെ സങ്കീർണമായ ഈ പ്രക്രിയയ്ക്ക് ആശുപത്രിതലത്തിലുള്ള പരിചരണവും ക്ലിനിക്കൽ വൈദഗ്ധ്യവും കൃത്യമായ ഏകോപനവും അത്യാവശ്യമാണ്.
ആശുപത്രിയിൽനിന്ന് ആംബുലൻസ് വഴി വിമാനത്തിലേക്കും അവിടെനിന്ന് ലക്ഷ്യസ്ഥാനത്തെ ആശുപത്രി കിടക്കയിലേക്കും നേരിട്ടെത്തിക്കുന്ന 'ബെഡ്-ടു-ബെഡ്' മാതൃകയാണ് ഇവർ പിന്തുടരുന്നത്. രോഗിയുടെ മെഡിക്കൽ ആവശ്യങ്ങൾ, വിമാനത്തിന്റെ സജ്ജീകരണങ്ങൾ, അതത് രാജ്യങ്ങളിലെ നിയമങ്ങൾ എന്നിവ കൃത്യമായി പഠിച്ച ശേഷമാണ് ഓരോ ദൗത്യവും ആസൂത്രണം ചെയ്യുന്നത്. യു.എ.ഇ.യുടെ അടിയന്തര മെഡിക്കൽ പ്രതികരണശേഷി അന്താരാഷ്ട്ര തലത്തിലേക്ക് വികസിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ പ്രവർത്തനം.