മാറുന്ന സാഹചര്യങ്ങളിൽ ഇന്ത്യ-യു.എ.ഇ. പങ്കാളിത്തം കൂടുതൽ കരുത്തുറ്റതാകും- സാമ്പത്തിക മന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ശൈഖ് തിയാബ് ബിൻ മുഹമ്മദ്
അബുദാബി : ഡൽഹിയിൽ സംഘടിപ്പിച്ച എൻ.ഡി.ടി.വി. വേൾഡ് സമ്മിറ്റ് 2026-ൽ പങ്കാളികളായി യു.എ.ഇ.യുടെ ഉന്നതതല പ്രതിനിധി സംഘം. പ്രസിഡൻഷ്യൽകാര്യ മന്ത്രാലയം വികസന വിഭാഗം ഡെപ്യൂട്ടി ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലാണ് ഉന്നതതല സംഘം ഇന്ത്യയിലെത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യു.എ.ഇ. സംഘം കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തുകയും ചെയ്തു.
യു.എ.ഇ. സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മർറി, സഹമന്ത്രി സയീദ് ബിൻ മുബാറക് അൽ ഹാജരി, ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അബ്ദുള്ള സെയ്ഫ് അൽ നുഐമി എന്നിവരുൾപ്പെടെയുള്ള ഉന്നതസംഘമാണ് ശൈഖ് തിയാബ് ബിൻ മുഹമ്മദിനെ അനുഗമിച്ചത്.
ഉച്ചകോടിയിൽ യു.എ.ഇ.യെ പ്രതിനിധീകരിച്ച് അബ്ദുള്ള ബിൻ തൗഖ് അൽ മർറി പ്രത്യേക പ്രഭാഷണം നടത്തി. 'ഇന്ത്യയും യു.എ.ഇയും: മാറുന്ന ഗൾഫ് മേഖലയിൽ ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കൽ' എന്ന വിഷയത്തിൽ നടന്ന ചർച്ചയിലും അദ്ദേഹം പങ്കെടുത്തു.
'എ വേൾഡ് ബിറ്റ്വീൻ ഓർഡേഴ്സ്' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഉച്ചകോടിയുടെ ആദ്യദിന ചടങ്ങുകൾ അവസാനിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക പ്രഭാഷണത്തോടെയാണ്. ആഗോള തലത്തിലെ സാമ്പത്തിക, സുരക്ഷാ മാറ്റങ്ങളും നയതന്ത്ര ബന്ധങ്ങളും വിശദീകരിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. മുൻനിര രാഷ്ട്രത്തലവന്മാർ, നയതന്ത്രജ്ഞർ, സാമ്പത്തിക വിദഗ്ധർ, സംരംഭകർ എന്നിവരെ ഒരുമിപ്പിച്ച് ആഗോള വെല്ലുവിളികൾക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് എൻ.ഡി.ടി.വി ഈ ആഗോള ഉച്ചകോടി സംഘടിപ്പിച്ചത്.
അന്താരാഷ്ട്ര രംഗത്തുണ്ടാകുന്ന പുതിയ ചേരിചേരലുകൾ, ആഗോള സാമ്പത്തിക മേഖലയുടെ ഭാവി, നിർമിതബുദ്ധി, അത്യാധുനിക സാങ്കേതികവിദ്യ, സൈബർ സുരക്ഷ തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ഉച്ചകോടിയിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടു. കൂടാതെ ആഗോള തലത്തിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന പങ്കിനെയും യു.എ.ഇ.യുമായുള്ള തന്ത്രപ്രധാന ബന്ധത്തെയും കുറിച്ച് പ്രമുഖ നേതാക്കൾ സംസാരിച്ചു.