വീടുകളിലെ സി.സി.ടി.വി.കളുടെ സുരക്ഷ ഉറപ്പുവരുത്തണം -ദുബായ് മുനിസിപ്പാലിറ്റി

ദുബായ് : വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. സർവൈലൻസ് ക്യാമറകളുടെ സുരക്ഷ അടിയന്തരമായി ഉറപ്പുവരുത്തണമെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. ഡിജിറ്റൽ സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ, ക്യാമറകളിലെ ചെറിയൊരു സുരക്ഷാവീഴ്ചപോലും സ്വകാര്യത പൂർണമായും ചോരുന്നതിന് കാരണമാകുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. സ്വകാര്യത സംരക്ഷിക്കുന്നതിന് ക്യാമറകളുടെ ഡിഫോൾട്ട് സെറ്റിങ്ങുകളിൽ മാറ്റംവരുത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ഔദ്യോഗിക സാമൂഹിക അക്കൗണ്ടുകൾ വഴി പ്രത്യേക ബോധവത്കരണ വീഡിയോയും അധികൃതർ പങ്കുവെച്ചിട്ടുണ്ട്.
സൈബർ ആക്രമണങ്ങളിൽനിന്നും ഹാക്കിങ്ങിൽനിന്നും നിരീക്ഷണക്യാമറകളെ സംരക്ഷിക്കാൻ ഉപയോക്താക്കൾ അടിയന്തരമായി സ്വീകരിക്കേണ്ട പ്രായോഗിക നിർദേശങ്ങളും ബോധവത്കരണ വീഡിയോയിൽ വിശദീകരിക്കുന്നു.
ക്യാമറകൾ വാങ്ങുമ്പോൾ കമ്പനികൾ നൽകുന്ന പാസ്‌വേഡുകൾ ഉടൻതന്നെ മാറ്റി പകരം സങ്കീർണവും ശക്തവുമായ പുതിയ പാസ്‌വേഡുകൾ സജ്ജീകരിക്കണമെന്ന് മുനിസിപ്പാലിറ്റി നിർദേശിക്കുന്നു. സെക്യൂരിറ്റി സോഫ്റ്റ്‌വേറുകൾ നിരന്തരം അപ്ഡേറ്റ് ചെയ്യാനും ക്യാമറകൾ ആവശ്യമില്ലാത്ത സമയങ്ങളിൽ ഓഫ് ചെയ്തുവെക്കാനും അധികൃതർ ആവശ്യപ്പെട്ടു. വിശ്വസനീയമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ക്യാമറകളുടെ ലോഗിൻ വിവരങ്ങൾ മറ്റുള്ളവരുമായി ഒരു കാരണവശാലും പങ്കുവെക്കരുതെന്നും മുന്നറിയിപ്പിലുണ്ട്. ഉപയോക്താക്കളുടെ ചെറിയൊരു ജാഗ്രതയിലൂടെ സ്വന്തം സ്വകാര്യതയും ചുറ്റുമുള്ളവരുടെ സുരക്ഷയും പൂർണമായി സംരക്ഷിക്കാൻ സാധിക്കുമെന്നും വീഡിയോയിലൂടെ ദുബായ് മുനിസിപ്പാലിറ്റി ഓർമ്മിപ്പിക്കുന്നു.