ദുബായ് ക്രീക്കിൽ ഇനി അത്യാധുനിക അബ്ര സവാരി

24 പേർക്ക് യാത്ര ചെയ്യാം

ഡിജിറ്റൽ സ്‌ക്രീനുകളും ഭിന്നശേഷി സൗഹൃദ ഡിസൈനും

ദുബായ് : എമിറേറ്റിലെ ജനപ്രിയ പൊതുഗതാഗത മാർഗമായ ജലഗതാഗത ശൃംഖലയെ കൂടുതൽ നവീകരിക്കുന്നതിന്റെ ഭാഗമായി നാല് പുതിയ നാലാം തലമുറ പരമ്പരാഗത അബ്രകൾ പുറത്തിറക്കി ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ.).

അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ രൂപകല്പനചെയ്ത ഈ പുതിയ അബ്രകൾ വ്യാഴാഴ്ചയാണ് പ്രവർത്തനം ആരംഭിച്ചത്. പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ സുരക്ഷയും ആശ്വാസവും ഉറപ്പാക്കുന്നതിനും ആർ.ടി.എ. നടപ്പിലാക്കുന്ന സമഗ്ര പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി.

ദുബായിലെ സുസ്ഥിര നഗര വികസനത്തിലും ടൂറിസം മേഖലയിലും ജലഗതാഗതത്തിന് വലിയ പങ്കുണ്ടെന്ന് ആർ.ടി.എ. പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയിലെ മാരിടൈം ട്രാൻസ്‌പോർട്ട് വിഭാഗം ഡയറക്ടർ ഖലഫ് ബെൽഗൂസൂസ് അൽ സർവൂണി വ്യക്തമാക്കി. 24 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ് പുതിയ അബ്രകൾ. ദുബായ് യൂണിവേഴ്‌സൽ ഡിസൈൻ കോഡിന്റെ ആരോഗ്യ-സുരക്ഷാ നിബന്ധനകൾ കൃത്യമായി പാലിച്ചാണ് ഇവ നിർമിച്ചിരിക്കുന്നത്. ഗൾഫ് സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷന് അനുസൃതമായുള്ള അന്താരാഷ്ട്ര സുരക്ഷാ സർട്ടിഫിക്കറ്റുകൾ നേടിയാണ് ഇവ ജലാശയങ്ങളിലിറങ്ങുന്നത്.

യാത്രക്കാർക്ക് കൂടുതൽ മികച്ച അനുഭവം സമ്മാനിക്കുന്നതിനായി ഇരിപ്പിടങ്ങൾ, ഫ്ലോറിങ്, ഉൾഭാഗത്തെ വിശാലത എന്നിവയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് എളുപ്പത്തിലും സുരക്ഷിതമായും കയറാനും സഞ്ചരിക്കാനും പ്രത്യേകമായി സ്ഥലങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതാദ്യമായി നാലാം തലമുറ അബ്രകളിൽ ഡിജിറ്റൽ ഡെസ്റ്റിനേഷൻ ബോർഡുകളും വിവരങ്ങൾ നൽകുന്ന തത്സമയ ഡിജിറ്റൽ സ്‌ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ നിർദേശങ്ങളും ഗതാഗത വിവരങ്ങളും യാത്രക്കാർക്ക് ഇതിലൂടെ തത്സമയം ലഭ്യമാകും.

ദുബായിയുടെ വേഗത്തിലുള്ള നഗര വളർച്ചയ്ക്ക് അനുയോജ്യമായ രീതിയിൽ പരിസ്ഥിതി സൗഹൃദവും സ്മാർട്ടുമായ ഗതാഗത സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ പദ്ധതി.

ക്രീക്കിലൂടെയും ദുബായ് വാട്ടർ കനാൽ വഴിയുമുള്ള യാത്രാനുഭവത്തെ കൂടുതൽ ആകർഷകമാക്കാൻ പുതിയ അബ്രകളുടെ വരവ് സഹായിക്കുമെന്ന് ആർ.ടി.എ. അറിയിച്ചു.