പ്രതിദിനം 24 ടൺ ജൈവമാലിന്യം വളമാക്കി മെലീഹ ഡെയറി ഫാം

ന്യൂസീലൻഡ് വികസിപ്പിച്ചെടുത്ത 'ഹോട്ട്‌റോട്ട്' എന്ന പ്രത്യേക ഇൻ-വെസൽ കമ്പോസ്റ്റിങ് സംവിധാനം ഉപയോഗിച്ചാണ് കൃഷിയിടങ്ങളിലേക്ക് ആവശ്യമായ ജൈവവളം ഉത്പാദിപ്പിക്കുന്നത്.

ഷാർജ : പരിസ്ഥിതി സൗഹൃദ കൃഷിരീതികളിലേക്ക് ഒരു പടികൂടി മുന്നേറി ഷാർജ. എമിറേറ്റിലെ പ്രശസ്തമായ മെലീഹ ഡെയറി ഫാമിൽ പ്രതിദിനം 24 ടൺ ജൈവമാലിന്യം പ്രകൃതിദത്ത വളമാക്കി മാറ്റുന്ന അത്യാധുനിക സാങ്കേതികവിദ്യ വിജയകരമായി നടപ്പാക്കുന്നു. ന്യൂസീലൻഡ് വികസിപ്പിച്ചെടുത്ത 'ഹോട്ട്‌റോട്ട്' എന്ന പ്രത്യേക ഇൻ-വെസൽ കമ്പോസ്റ്റിങ് സംവിധാനം ഉപയോഗിച്ചാണ് കൃഷിയിടങ്ങളിലേക്ക് ആവശ്യമായ ജൈവവളം ഉത്പാദിപ്പിക്കുന്നത്.

വെറും 14 ദിവസത്തിനുള്ളിൽ ജൈവമാലിന്യത്തെ പോഷകസമൃദ്ധമായ വളവും ഫലഭൂയിഷ്ഠമായ മണ്ണുമാക്കി മാറ്റാൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കുന്നു. ദുർഗന്ധം, ഈച്ച ഉൾപ്പെടെയുള്ള കീടങ്ങളുടെ ശല്യം, കൃഷിസ്ഥലങ്ങളിലെ ദ്രാവക മാലിന്യ ചോർച്ച എന്നിവ പൂർണമായി ഒഴിവാക്കാൻ ഈ സംവിധാനം സഹായിക്കുന്നുണ്ട്. സി.എച്ച്.എസ്. സ്ഥാപനവുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ മാലിന്യ സംസ്കരണവും ജൈവ പാലുത്പാദനവും കൃഷിയും തമ്മിൽ കോർത്തിണക്കിക്കൊണ്ട് സർക്കുലർ ഇക്കോണമി എന്ന ലക്ഷ്യമാണ് ഷാർജ ഭരണകൂടം യാഥാർഥ്യമാക്കുന്നത്.

പദ്ധതിയുടെ വിജയം നേരിട്ട് വിലയിരുത്തുന്നതിനായി യു.എ.ഇ.യിലെ ന്യൂസീലൻഡ് അംബാസഡർ ഡോ. റിച്ചാർഡ് കെയും ഉന്നതതല സംഘവും ഫാം സന്ദർശിച്ചു. കൃഷി, കന്നുകാലി വളർത്തൽ വകുപ്പ് ചെയർമാനും ‘എക്തിഫ’ സി.ഇ.ഒ.യുമായ ഡോ. എൻജിനിയർ ഖലീഫ മുസബ്ബഹ് അൽ തെനൈജിയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘത്തെ സ്വീകരിക്കുകയും ഫാമിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. കൃഷി, വന്യജീവി സംരക്ഷണം, മാലിന്യ സംസ്കരണം, സുസ്ഥിര വികസനം എന്നിവയിൽ യു.എ.ഇ.യും ന്യൂസീലൻഡും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം വഴിതുറക്കും.

എ2 എ2 പശുക്കളുടെ ലോകത്തിലെ ഏറ്റവും വലിയ ഫാം എന്ന ഗിന്നസ് ലോക റെക്കോഡ് സ്വന്തമാക്കിയ പ്രസ്ഥാനമാണ് ഷാർജ ഗവൺമെന്റിന്റെ കീഴിലുള്ള എക്തിഫ കമ്പനി നടത്തുന്ന മലീഹ ഡെയറി ഫാം. 2024 ഏപ്രിലിൽ പ്രവർത്തനം ആരംഭിച്ച ഈ ഫാം, മധ്യപൂർവേഷ്യയിൽ പൂർണമായും ജൈവ പാൽ ഉത്പാദിപ്പിക്കുന്ന ആദ്യത്തെ കേന്ദ്രം കൂടിയാണ്. 20,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഫാക്ടറിയും അനുബന്ധ സൗകര്യങ്ങളുമുള്ള ഫാമിൽ 2025 ഡിസംബറിലെ കണക്കനുസരിച്ച് 6,400-ലധികം എ2 എ2 പശുക്കളുണ്ട്.

മണിക്കൂറിൽ 500 പശുക്കളെ കറക്കാൻ ശേഷിയുള്ള അത്യാധുനിക സംവിധാനത്തിലൂടെ പ്രതിദിനം ഒരു ലക്ഷം ലിറ്റർ പാലാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.

‘മെലീഹ മിൽക്ക് ’ എന്ന ബ്രാൻഡിൽ പുറത്തിറങ്ങുന്ന ഓർഗാനിക് ഫ്രഷ് മിൽക്കിന് പുറമെ തൈര്, മോര്, വിവിധ രുചികളിലുള്ള ഫ്ലേവേർഡ് മിൽക്കുകൾ, ചീസ് എന്നിവയും വിപണിയിൽ ലഭ്യമാണ്. യു.എ.ഇയിൽ മികച്ച സ്വീകാര്യത നേടിയ ഈ ഉത്പന്നങ്ങൾ മറ്റ് ജി.സി.സി. രാജ്യങ്ങളിലേക്കും വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് അധികൃതർ.