വ്യാജഷോപ്പിങ് വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ്; ആറംഗ സംഘം ദുബായിൽ പിടിയിൽ

ദുബായ് : വ്യാജ ഷോപ്പിങ് വെബ്സൈറ്റ് നിർമിച്ച് ഉപഭോക്താക്കളുടെ ബാങ്ക് കാർഡ് വിവരങ്ങൾ ചോർത്തുകയും, ഡിജിറ്റൽ വാലറ്റുകൾ വഴി ലക്ഷക്കണക്കിന് ദിർഹം തട്ടിയെടുക്കുകയും ചെയ്ത ആറംഗ സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

'അൺഎക്സ്‌പെക്റ്റഡ് ഡിഡക്ഷൻ' എന്ന പേരിൽ അറിയപ്പെടുന്ന അന്താരാഷ്ട്ര തട്ടിപ്പ് ശൃംഖലയിലെ അംഗങ്ങളാണ് പിടിയിലായത്. ബാങ്ക് അക്കൗണ്ടുകളിൽനിന്ന് ഒ.ടി.പി.യോ അനുമതിയോ ഇല്ലാതെ പണം നഷ്ടപ്പെടുന്നുവെന്ന് കാണിച്ച് ഒട്ടേറെപേർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ വിപുലമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

ചോർത്തിയെടുക്കുന്ന ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ഇവർ അനധികൃതമായി സാധനങ്ങൾ വാങ്ങുകയും പുതിയ ഡിജിറ്റൽ വാലറ്റുകളും വ്യാജ ബാങ്ക് അക്കൗണ്ടുകളും തുറന്ന് പണം മാറ്റുകയുമായിരുന്നു പതിവ്. കൂടാതെ, കാർഡ് വിവരങ്ങൾ മറ്റ് സൈബർ കുറ്റവാളികൾക്ക് വിൽക്കുകയും ചെയ്തിരുന്നു. വിദേശ കമ്പനിയിൽ ജീവനക്കാരിയായ ഒരു പ്രവാസി വനിതയ്ക്ക് രാവിലെ ഉണർന്നപ്പോൾ അക്കൗണ്ടിൽനിന്ന് വർഷങ്ങളായി സമ്പാദിച്ച തുക മുഴുവൻ നഷ്ടപ്പെട്ടതായി മെസ്സേജ് ലഭിച്ചതാണ് കേസിൽ നിർണായകമായത്. തുടർന്ന് ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു.

ദുബായ് പോലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം കൃത്യമായ നീക്കങ്ങളിലൂടെ പ്രതികളുടെ ഒളിസങ്കേതം കണ്ടെത്തുകയും മിന്നൽ റെയ്ഡിലൂടെ ആറുപേരെയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. തട്ടിപ്പിനായി സൂക്ഷിച്ചിരുന്ന ഒട്ടേറെ ആളുകളുടെ ബാങ്ക് കാർഡുകളും അനധികൃത പണമിടപാടുകൾക്കായി ഉപയോഗിച്ച ചെക്ക് ബുക്കുകളും പോലീസ് പിടിച്ചെടുത്തു. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളുടെ ഡിജിറ്റൽ വാലറ്റുകളും ഇലക്‌േട്രാണിക് പേയ്മെന്റ് സംവിധാനങ്ങളുമാണ് ഇവർ പണം കടത്താൻ ദുരുപയോഗം ചെയ്തിരുന്നത്.

ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ വെബ്സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്ന് ദുബായ് പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. യാതൊരു കാരണവശാലും ബാങ്ക് കാർഡ് വിവരങ്ങളോ രഹസ്യ കോഡുകളോ അപരിചിതരായ വ്യക്തികൾക്കോ വ്യാജ ലിങ്കുകൾക്കോ കൈമാറരുത്. സംശയാസ്പദമായ രീതിയിൽ അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടുകയോ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ദുബായ് പോലീസിന്റെ 901 എന്ന നമ്പറിലോ, 'പോലീസ് ഐ' സേവനം വഴിയോ, 'ഇ-ക്രൈം' പ്ലാറ്റ്ഫോം വഴിയോ ഉടൻ പരാതിപ്പെടണമെന്ന് അധികൃതർ ആവർത്തിച്ചു.