വന്യജീവികളുടെ ലോകത്തേക്ക് സ്വാഗതം ചെയ്ത് ദുബായ് സഫാരി പാർക്ക്

ദുബായ് : മൂവായിരത്തിലേറെ വന്യജീവികളെ ഉൾകൊള്ളുന്ന ദുബായ് സഫാരി പാർക്കിന്റെ എട്ടാം സീസൺ തിങ്കളാഴ്ച തുടങ്ങി. പുതിയ സീസണിന്റെ ഉദ്ഘാടന വാരത്തോടനുബന്ധച്ച് ഈ മാസം 18 വരെ സന്ദർശകർക്കായി 'വൈൽഡെസ്റ്റ് ഓപ്പണിങ് വീക്ക്' സംഘടിപ്പിക്കും. 25 മിനിറ്റ് നീണ്ടുനിൽക്കുന്ന ദ വൈൽഡ് വെൽക്കം എന്ന സ്റ്റേജ് പരിപാടിയിലൂടെയാണ് സന്ദർശകരെ പാർക്കിലേക്ക് സ്വാഗതം ചെയ്യുന്നത്. സഫാരി പ്രമേയത്തിലുള്ള ഗെയിമുകൾ, സർഗാത്മക ശില്പശാലകൾ, തത്സമയ പ്രദർശനങ്ങൾ, കലാപ്രവർത്തനങ്ങൾ, വന്യജീവികളുമായി നേരിട്ട് സംവദിക്കാനുള്ള അവസരങ്ങൾ തുടങ്ങിയവ ആസ്വദിക്കാം.
ആഫ്രിക്കൻ വില്ലേജ് പ്ലാസയിലെ ലിറ്റിൽ എക്സ്‌പ്ലോറേഴ്‌സ് ബേസ് ക്യാമ്പിൽ ദിവസവും രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെയാണ് ഈ പരിപാടികളെല്ലാം നടക്കുന്നത്. വൈൽഡ് ക്രിയേഷൻസ് ക്ലേ സ്റ്റേഷനിൽ കുട്ടികൾക്ക് വന്യജീവികളുടെ കളിമൺ രൂപങ്ങൾ നിർമിക്കാനും ചായങ്ങൾ നൽകി അലങ്കരിക്കാനും അവസരം ലഭിക്കും.
സഫാരി, കാട് എന്നീ പ്രമേയത്തിലുള്ള ടാറ്റുകൾ ലഭിക്കുന്നതിന് ദ വൈൽഡ് ഇങ്ക് ടെംപററി ടാറ്റൂ സ്റ്റേഷനിലെത്താം. കണക്ട് 4, ജെങ്ക, ടിക് ടാക് ടോ എന്നീ ഗെയിമുകളും ആദ്യവാരത്തിന്റെ ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.
ഡ്രൈവ് ത്രൂ സഫാരി ടൂറുകൾ, തത്സമയ പരിപാടികൾ, വന്യജീവികളുമായി അടുത്ത ഇടപഴകാനുള്ള അവസരങ്ങൾ എന്നിവയും പാർക്ക് വാഗ്ദാനം ചെയ്യുന്നു. പാർക്കിന്റെ പ്രവേശന ടിക്കറ്റുകളിൽ അറേബ്യൻ ഡെസേർട്ട് സഫാരി ടൂർ ഉൾപ്പെടുത്തിയിട്ടുണ്ട്.
എക്‌സ്‌പ്ലോറർ സഫാരി ടൂർ പാക്കേജിലൂടെ സിംഹം, ജിറാഫ്, കാണ്ടാമൃഗം എന്നിവയെ തുറസായ പ്രദേശങ്ങളിൽ കാണാൻ സാധിക്കും. കിങ് ഓഫ് സഫാരി, ബിഹൈൻഡ് ദ സീൻസ്, ഡൈൻ ഇൻ ദ വൈൽഡ്, ജംഗിൾ കാപ്ച്ചർ എന്നീ പ്രീമിയം സന്ദർശന അനുഭവങ്ങളും തിരഞ്ഞെടുക്കാം. മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ, വന്യജീവി സംരക്ഷണം എന്നിവയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ ബേർഡ്സ് കിങ്ഡം, എക്കോസ് ഓഫ് ദ വൈൽഡ്, ബേർഡ്സ് ഓഫ് പ്രേ തുടങ്ങിയ പ്രദർശനങ്ങൾ സഹായിക്കും. ദിവസവും രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചു വരെയാണ് ദുബായ് സഫാരി പാർക്കിന്റെ പ്രവേശന സമയം.
അൽ വർഖ അഞ്ചിലാണ് ദുബായ് സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നത്. 119-ഹെക്ടറിലേറെ വ്യാപിച്ച് കിടക്കുന്ന പാർക്ക് മൃഗങ്ങൾക്ക് പ്രകൃതിദത്ത ആവാസവ്യവസ്ഥയൊരുക്കുന്ന സംരക്ഷണ, വിനോദ കേന്ദ്രം കൂടിയാണ്. കാഴ്ചകൾ ആസ്വദിക്കാൻ ഷട്ടിൽ ട്രെയിനുകൾ ഉൾപ്പടെ മികച്ച സൗകര്യങ്ങളും ഇവിടെയുണ്ട്. വന്യജീവി സംരക്ഷണം, വിദ്യാഭ്യാസം, വിനോദം എന്നീ ഘടകങ്ങൾ സംയോജിപ്പിച്ചാണ് പാർക്ക് പ്രവർത്തിക്കുന്നത്. മഴക്കാടുകളിലും മരുഭൂമികളിലും മാത്രം കണ്ടുവരുന്ന അപൂർവയിനം ജീവജാലങ്ങളെ ഇവിടെ കാണാം. അറേബ്യൻ, ഏഷ്യൻ, ആഫ്രിക്കൻ, സഫാരി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് പക്ഷിമൃഗാദികളുള്ളത്. വംശനാശ ഭീഷണി നേരിടുന്ന ഒട്ടേറെ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ കൂടിയാണിവിടം.