ഗ്ലോബൽ വില്ലേജിനായുള്ള സുരക്ഷാ സജ്ജീകരണങ്ങൾ പൂർത്തിയായി

ദുബായ് : ഗ്ലോബൽ വില്ലേജിന്റെ 31-ാം പതിപ്പിനായുള്ള സുരക്ഷാ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ദുബായ് ഇവന്റ് സുരക്ഷാ സമിതി (ഇ.എസ്.സി.) അധികൃതർ അറിയിച്ചു. സന്ദർശകരുടെ സുരക്ഷയ്ക്കും വിനോദകേന്ദ്രത്തിന്റെ സുഗമമായ പ്രവർത്തനത്തിനും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്രൊട്ടക്ടീവ് സെക്യൂരിറ്റി ആൻഡ് എമർജൻസി മേധാവിയും ഇ.എസ്.സി. ചെയർമാനുമായ ബ്രിഗേഡിയർ ഒബൈദ് മുബാറക് അൽ കെത്ബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ, സമിതി അംഗങ്ങൾ, ഗ്ലോബൽ വില്ലേജ് മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവരുമായി ഗ്ലോബൽ വില്ലേജിൽ വെച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർശകരുടെ എണ്ണം ഓരോ വർഷവും വർധിച്ചു വരുകയാണെന്ന് അൽ കെത്ബി പറഞ്ഞു. സന്ദർശകർക്ക് മികച്ച അനുഭവങ്ങൾ സമ്മാനിക്കുന്നതിന് ഒട്ടേറെ ഏകോപന യോഗങ്ങൾ നടത്തിയിട്ടുണ്ട്. പ്രമുഖ അന്താരാഷ്ട്ര വിനോദസഞ്ചാര - വാണിജ്യ കേന്ദ്രമെന്ന നിലയിൽ ഗ്ലോബൽ വില്ലേജ് മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഗ്ലോബൽ വില്ലേജിന്റെ പുതിയ പതിപ്പിന് ബുധനാഴ്ച വൈകീട്ട് ആറുമണിക്ക് തുടക്കമാകും. അടുത്ത വർഷം മേയ് വരെ നീളുന്ന ആഗോള ഗ്രാമത്തിന്റെ പുതിയ പതിപ്പിൽ പതിവുപോലെ ഒട്ടേറെ ആകർഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈവിധ്യമാർന്ന വിനോദ പരിപാടികൾ, 3500-ലേറെ ഷോപ്പിങ് കേന്ദ്രങ്ങൾ, സാഹസിക റൈഡുകൾ, 90-ലേറെ സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന 29 പവിലിയനുകൾ, രുചിവൈവിധ്യങ്ങളുമായി 250-ലേറെ റെസ്റ്ററന്റുകൾ തുടങ്ങിയവയാണ് സവിശേഷതകൾ. 'എ മോർ വണ്ടർഫുൾ വേൾഡ്' എന്നതാണ് ഇത്തവണത്തെ പ്രമേയം. പ്രവൃത്തി ദിനങ്ങളിൽ 25 ദിർഹവും വാരാന്ത്യങ്ങളിൽ 30 ദിർഹവുമാണ് പ്രവേശനത്തിനായി നൽകേണ്ടത്. ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ബുധനാഴ്ച മുതൽ ഗേറ്റുകളിലും ടിക്കറ്റുകൾ ലഭ്യമാകും. തിങ്കൾ മുതൽ ബുധൻ വരെ വൈകീട്ട് നാലുമണിമുതൽ അർധരാത്രിവരെയും വ്യാഴം മുതൽ ഞായർ വരെയും പൊതു അവധി ദിനങ്ങളിലും പുലർച്ചെ ഒരു മണിവരെയും പ്രവർത്തിക്കും.

നാലു ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ആർ.ടി.എ.

ദുബായ് : എമിറേറ്റിലെ പ്രധാന പ്രദേശങ്ങളിൽനിന്ന് ഗ്ലോബൽ വില്ലേജിലേക്ക് നാല് നേരിട്ടുള്ള ബസ് സർവീസുകൾ ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ അറിയിച്ചു. അൽ റാഷിദിയ, യൂണിയൻ, അൽ ഗുബൈബ, മാൾ ഓഫ് ദ എമിറേറ്റ്‌സ് എന്നീ ബസ് സ്റ്റേഷനുകളിൽ നിന്നാണ് റൂട്ടുകൾ പ്രവർത്തിക്കുക. റൂട്ട് 102 അൽ റാഷിദിയ ബസ് സ്റ്റേഷനിൽനിന്നും റൂട്ട് 103 യൂണിയൻ ബസ് സ്റ്റേഷനിൽനിന്നും സർവീസുകൾ നടത്തും. അൽ ഗുബൈബ ബസ് സ്റ്റേഷൻ, മാൾ ഓഫ് ദ എമിറേറ്റ്‌സ് എന്നിവിടങ്ങളിൽനിന്ന് റൂട്ട് 104, റൂട്ട് 106 എന്നിവയും സേവനങ്ങൾ നടത്തും. ഇതിൽ യൂണിയൻ ബസ് സ്റ്റേഷനിൽനിന്നും 40 മിനിറ്റ് ഇടവേളകളിലും മറ്റു സ്റ്റേഷനുകളിൽനിന്നും ഒരു മണിക്കൂർ ഇടവേളകളിലും യാത്രാസേവനങ്ങൾ ഉണ്ടായിരിക്കും.

പൊതുഗതാഗതമാർഗം കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും എളുപ്പത്തിൽ ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം നൽകാനാണ് തീരുമാനം ലക്ഷ്യമിടുന്നത്. ഗ്ലോബൽ വില്ലേജിന്റെ സമാപനദിനംവരെ യാത്രാസേവനങ്ങൾ ലഭ്യമാകും.

എമിറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സേവനങ്ങൾ. ഗ്ലോബൽ വില്ലേജിനുള്ളിലെ അബ്ര സേവനങ്ങളും പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.