29,250 കോടി ദിർഹത്തിന്റെ ബജറ്റിന് അംഗീകാരം

ജനക്ഷേമത്തിനും സാമൂഹിക വികസനത്തിനും മുൻഗണന

അബുദാബി : 2027 മുതൽ 2029 വരെയുള്ള മൂന്ന് വർഷക്കാലയളവിലേക്ക് 29,250 കോടി ദിർഹത്തിന്റെ വൻ പദ്ധതി അടങ്കലുള്ള യു.എ.ഇ. ഫെഡറൽ ബജറ്റിന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. കഴിഞ്ഞ മൂന്ന് വർഷത്തെ ബജറ്റ് വകയിരുത്തലുകളെ അപേക്ഷിച്ച് 8.3 ശതമാനത്തിന്റെ ചരിത്രപരമായ വളർച്ചയാണ് പുതിയ ബജറ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.വിദ്യാഭ്യാസം, ആരോഗ്യം, ഭവന നിർമാണം, സാമൂഹിക സേവനങ്ങൾ, ജീവിതനിലവാരം ഉയർത്തൽ, പൗരരുടെ ജീവിതസുരക്ഷ എന്നിവയ്ക്കാണ് യു.എ.ഇ ഗവൺമെന്റ് എന്നും പ്രഥമ പരിഗണന നൽകുന്നതെന്നും വരുംവർഷങ്ങളിലും ഇതിൽ മാറ്റമുണ്ടാകില്ലെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

2027 സാമ്പത്തിക വർഷത്തേക്ക് മാത്രം 9,010 കോടി ദിർഹമാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും വലിയ വിഹിതം നീക്കിവെച്ചിരിക്കുന്നത് സാമൂഹിക വികസനത്തിനും പെൻഷൻ പദ്ധതികൾക്കുമാണ്. ആകെ തുകയുടെ 38.4 ശതമാനമായ 3,460 കോടി ദിർഹം ഈ മേഖലയിലേക്ക് നൽകും. ഗവൺമെന്റ് കാര്യങ്ങൾക്കായി 2,910 കോടിയും (32.3 ശതമാനം), ഫെഡറൽ ചെലവുകൾക്കായി 1,780 കോടിയും (19.7ശതമാനം) നീക്കിവെച്ചിരിക്കുന്നു.

സാമ്പത്തിക നിക്ഷേപങ്ങൾക്കായി 560 കോടി ദിർഹവും, അടിസ്ഥാന സൗകര്യവികസനത്തിനും സാമ്പത്തിക സ്രോതസ്സുകൾക്കുമായി 300 കോടി ദിർഹവുമാണ് (3.4ശതമാനം) വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ദുബായിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് സൈക്കിളായ 2026-2028 കാലയളവിലേക്ക് 30,270 കോടി ദിർഹത്തിന്റെ ചെലവും അഞ്ച് ശതമാനം പ്രവർത്തന മിച്ചവും പ്രഖ്യാപിച്ചതിന് തുടർച്ചയായാണ് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ കൂടുതൽ ഭദ്രമാക്കിക്കൊണ്ട് പുതിയ ഫെഡറൽ ബജറ്റ് പ്രഖ്യാപനം വന്നിരിക്കുന്നത്.