ദുബായിൽ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതൽ പ്രാബല്യത്തിൽ

.
.

ദുബായ് : ഒറ്റത്തവണ ഉപയോഗിക്കാവുന്ന 57 മൈക്രോമീറ്ററിൽ താഴെ കനമുള്ള പ്ലാസ്റ്റിക്, പേപ്പർ, ബയോഡീഗ്രേഡബിൾ സഞ്ചികളുടെ നിരോധനം ശനിയാഴ്ച മുതൽ നടപ്പാക്കും. ഉപഭോക്താക്കൾക്ക് 58 മൈക്രോമീറ്ററും അതിൽ കൂടുതലുമുള്ള സഞ്ചികൾ ഉപയോഗിക്കാം. മാലിന്യ സഞ്ചികളെയും പച്ചക്കറി, പഴം, മാംസം, മത്സ്യം, റൊട്ടി എന്നിവ പൊതിയുന്ന സഞ്ചികളെയും നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വ്യാപാര കേന്ദ്രങ്ങളിൽനിന്ന് ഇതുവരെ 25 ഫിൽ‌സിന് വാങ്ങിയിരുന്ന ഒറ്റത്തവണ ഉപയോഗിക്കാവുന്ന സഞ്ചികൾ ഇനി ദുബായിലെവിടെയും ലഭിക്കില്ല. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനും സമൂഹത്തിൽ പുനരുപയോഗ സംസ്കാരം വളർത്തിയെടുക്കാനുമാണ് ഇത്തരം സഞ്ചികൾ നിരോധിക്കുന്നത്.

നിയമലംഘകർക്ക് 200 ദിർഹം പിഴ ചുമത്തും. നിയമലംഘനം ആവർത്തിച്ചാൽ 2000 ദിർഹം വരെ പിഴ നൽകേണ്ടിവരും. പുനരുപയോഗിക്കാവുന്ന തുണിസഞ്ചികൾ ഉപയോഗിക്കണമെന്നാണ് അധികൃതരുടെ നിർദേശം. പരിസ്ഥിതിയെ സംരക്ഷിക്കാനായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സമ്പൂർണ നിരോധനം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കാനാണ് മുനിസിപ്പാലിറ്റി തീരുമാനിച്ചിട്ടുള്ളത്. ഇതിൽ ആദ്യ ഘട്ടമാണ് ശനിയാഴ്ച മുതൽ പ്രാബല്യത്തിലാകുന്നത്. അടുത്ത വർഷം ജനുവരി ഒന്നിനും 2026 ജനുവരി ഒന്നിനും മറ്റു രണ്ടുഘട്ടങ്ങൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

നിയമലംഘകർക്ക് 200 ദിർഹം പിഴ

അബുദാബിയിൽ ഇന്നുമുതൽ സ്റ്റൈറോഫോം ഉത്പന്നങ്ങൾക്ക് വിലക്ക്

അബുദാബി : ഒറ്റത്തവണമാത്രം ഉപയോഗിക്കാവുന്ന കനംകുറഞ്ഞ പ്ലാസ്റ്റിക്കായ സ്റ്റൈറോഫോം ഉത്പന്നങ്ങൾ ശനിയാഴ്ചമുതൽ അബുദാബിയിൽ നിരോധിക്കും.

കപ്പ്, മൂടി, പ്ലേറ്റ്, ഗ്ലാസ്, പാഴ്‌സൽ ഭക്ഷണപ്പാത്രങ്ങൾ എന്നിവയാണ് നിരോധിക്കുക.

വലിയ സ്റ്റോറേജ് പെട്ടികൾ, കൂളറുകൾ, പഴങ്ങളും പച്ചക്കറികളും മത്സ്യങ്ങളും പാലുത്പന്നങ്ങളും സൂക്ഷിക്കുന്ന ട്രേകൾ, മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ എന്നിവയ്ക്ക് വിലക്ക് ബാധകമല്ല.

പ്ലാസ്റ്റിക് കാരണമുള്ള പാരിസ്ഥിതികാഘാതങ്ങൾ കുറയ്ക്കാൻ പുതിയതീരുമാനം സഹായകരമാകുമെന്ന് അബുദാബി പരിസ്ഥിതി ഏജൻസി (ഇ.എ.ഡി.) സെക്രട്ടറി ജനറൽ ഡോ. ശൈഖ സലേം അൽ ദഹേരി പറഞ്ഞു.

മനുഷ്യരുടെ ആരോഗ്യത്തിനും ജൈവവൈവിധ്യത്തിനും പ്രകൃതിദത്ത ആവാസവ്യവസ്ഥയ്ക്കും ദോഷകരമാകുന്ന മൈക്രോ പ്ലാസ്റ്റിക്കുകൾ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു.

പ്ലാസ്റ്റിക് നിർമാണാമേഖലയിലെ ഒട്ടേറെ സ്ഥാപനങ്ങൾക്ക് സ്റ്റൈറോഫോം നിരോധനവുമായി ബന്ധപ്പെട്ട വിജ്ഞാപനം അബുദാബി സാമ്പത്തികവികസന വകുപ്പ് (എ.ഡി.ഡി.ഇ.ഡി.) അധികൃതർ നേരത്തേ നൽകിയിട്ടുണ്ട്.

Content Highlights: plastiv ban in Dubai