ശ്രീലങ്കയിലെ ദുരന്ത ഭൂമിയിൽ സഹായമെത്തിച്ച് മസ്കറ്റ് കെഎംസിസി

#ന്യൂസ് ഡെസ്ക്
മസ്കറ്റ് കെഎംസിസി പ്രതിനിധികൾ
മസ്കറ്റ് കെഎംസിസി പ്രതിനിധികൾ

മസ്കറ്റ്: ഡിറ്റ്‌വ ചുഴലിക്കാറ്റും പ്രളയവും ദുരന്തം വിതച്ച ശ്രീലങ്കയിൽ സഹായ ഹസ്തവുമായി മസ്കറ്റ് കെഎംസിസി. മസ്കറ്റ് കെഎംസിസി നാഷണൽ കമ്മിറ്റിയാണ് ഇന്ത്യയുടെ അയൽരാജ്യമായ ഈ കൊച്ചുദ്വീപ് രാഷ്ട്രത്തിന് സഹായം എത്തിച്ചത്. എവിടെ മനുഷ്യർക്ക് സഹായം ആവശ്യമുണ്ടോ, അവിടെ കെഎംസിസിയുടെ കരങ്ങൾ നീളും എന്ന് തെളിയിക്കും വിധത്തിലാണ് രാജ്യതിർത്തികൾ താണ്ടിയുള്ള സഹായം.

മസ്കറ്റ് നാഷണൽ കമ്മിറ്റി സെക്രട്ടറി ഖലീൽ നാട്ടിക, അബ്ദുൽ കരീം പേരാമ്പ്ര എന്നിവരാണ് കെഎംസിസിയെ പ്രതിനിധീകരിച്ച് ശ്രീലങ്കയിലെത്തിയത്. ദുരിതാശ്വാസ സാമഗ്രികൾ സംഘം ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്റർ പ്രതിനിധി ക്യാപ്റ്റൻ റുവാന് കൈമാറി. സംഘം അദ്ദേഹവുമായി കൂടിക്കാഴ്ചയും നടത്തി.

ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും കുട്ടികളുടെ അവശ്യസാധനങ്ങളും അടക്കം 10 ടണ്ണോളം സാമഗ്രികളാണ് കെഎംസിസി ശ്രീലങ്കയിൽ എത്തിക്കുക. ഇതിന്റെ ഒന്നാം ഘട്ടത്തിൽ, 6 ടണ്ണോളം സാധനങ്ങൾ എത്തിച്ചു കഴിഞ്ഞു. സലാം എയർ, ഫിറ്റ്സ് എയർ ശ്രീലങ്ക എന്നിവയുടെ സഹായത്തോടെയാണ് സാധനങ്ങൾ വേഗത്തിൽ എയർ കാർഗോ വഴി എത്തിച്ചത്.

ശ്രീലങ്ക സമീപകാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ 'ഡിറ്റ്‌വ' ചുഴലിക്കാറ്റിനെ തുടർന്നുണ്ടായത്. 607 ഓളം പേരുടെ മരണവും 214 പേരെ കാണാതാകുകയും ചെയ്തു. രണ്ട് ദശലക്ഷത്തിലധികം ജനങ്ങളുടെ ജീവിതം ദുരിതത്തിലാണെന്നാണ് ദുരന്ത നിവാരണ സേനയുടെ കണക്കുകൾ. ജീവനുകൾ മാത്രമല്ല, പലരുടെയും ജീവിതോപാധികളും ഡിറ്റ്‌വ തകർത്തെറിഞ്ഞു.

Content Highlights: Humanitarian Support from Muscat KMCC Reaches Disaster-Stricken Sri Lanka