ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിൽ ഈ വർഷമെത്തിയത് 43.7 ലക്ഷത്തിലേറെപ്പേർ

അബുദാബി : ഈ വർഷം ആദ്യപകുതിയിൽ അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിൽ എത്തിയത് 43,79,258 ലക്ഷം പേർ.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 31 ശതമാനമാണ് വർധന. എത്തിയവരിൽ 1,76,5,698 പേർ ഉപവാസം അനുഷ്ഠിച്ചെത്തിയ വിശ്വാസികളാണ്.
2,58,4,425 പേർ മസ്ജിദ് സന്ദർശിക്കാനായെത്തി. വെള്ളിയാഴ്ച പ്രാർഥനയിൽ 1,49,666 പേർ പങ്കെടുത്തു. ദിവസേനയുള്ള പ്രാർഥനകളിൽ 3,48,573 പേരും പങ്കെടുത്തു. റംസാനിലും രണ്ട് ഈദ് പ്രാർഥനകളിലുമായി 6,17,458 വിശ്വാസികളുമെത്തി.
കഴിഞ്ഞ ഏപ്രിൽ അഞ്ചിന് (റംസാൻ 27 ന്) റെക്കോഡ് വിശ്വാസികളെത്തി. ഏതാണ്ട് 87,186 പേർ. റംസാൻ ഇരുപത്തിയേഴാം രാവിൽ 70,680 പേരും പങ്കെടുത്തു. 21,50,000 ഇഫ്താർ ഭക്ഷണ പാക്കറ്റുകൾ തയ്യാറാക്കി.
ഇതിൽ 6,50,001 പാക്കറ്റ് മസ്ജിദിലും 15 ലക്ഷം അബുദാബിയിലെ തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലും വിതരണംചെയ്തു. റംസാനിലെ അവസാന 10 ദിവസങ്ങളിൽ 30,000 സുഹൂർ ഭക്ഷണവും വിതരണം ചെയ്തു. മസ്ജിദിലെത്തിയവരിൽ 81 ശതമാനം പേരും യു.എ.ഇ. ക്ക് പുറത്തുനിന്നുള്ളവരാണ്. 19 ശതമാനം താമസക്കാരുമാണ്.
സന്ദർശകരുടെ പട്ടികയിൽ ഏഷ്യ 52 ശതമാനം, യൂറോപ്പ് 34 ശതമാനം, വടക്കേ അമേരിക്ക ഏഴ് ശതമാനം, ആഫ്രിക്കയിൽനിന്നും തെക്കേ അമേരിക്കയിൽനിന്നുമായി മൂന്ന് ശതമാനം പേരും ഓസ്‌ട്രേലിയയിൽനിന്ന് ഒരു ശതമാനം പേരുമെത്തി. ഇന്ത്യയിൽനിന്ന് എത്തിയത് 22 ശതമാനം പേരാണ്.
ചൈന, റഷ്യ എന്നിവിടങ്ങളിൽനിന്ന് എട്ട് ശതമാനം, ജർമനി, യു.എസ്.എ. എന്നിവിടങ്ങളിൽനിന്ന് നാല് ശതമാനം പേരുമെത്തി.
ഫ്രാൻസ്, ഇറ്റലി, യു.കെ, പാകിസ്താൻ എന്നിവിടങ്ങളിൽനിന്ന് മൂന്ന് ശതമാനവും ഫിലിപ്പീൻസ് രണ്ടുശതമാനം പേരുമെത്തി.
ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിലെ കൾച്ചറൽ ടൂറിന്റെ ഭാഗമായി 2958 സന്ദർശനങ്ങൾ നടന്നു. ലോകമെമ്പാടുമുള്ള 41,957 സന്ദർശകർ പങ്കെടുത്തു. ഇതിൽ ഔദ്യോഗിക പ്രതിനിധികൾക്കായി 823 ബുക്കിങ്ങുകൾ നടന്നു.
13,655 പേരും പങ്കെടുത്തു. മൂന്ന് രാഷ്ട്രത്തലവന്മാർ, ഒരു ഉപരാഷ്ട്രപതി, നാല് പ്രധാനമന്ത്രിമാർ, രണ്ട് പാർലമെന്ററി സ്പീക്കർമാർ, 35 മന്ത്രിമാർ എന്നിവരുടെ സന്ദർശനങ്ങൾ ഉൾപ്പെടെ 170 ഉന്നതതല പ്രതിനിധി സംഘങ്ങളെ മസ്ജിദ് സ്വാഗതം ചെയ്തു.
ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിലേക്ക് അടുത്തിടെയാണ് രാത്രിയുള്ള പ്രത്യേക ടൂറുകൾ (സൂറ) ആരംഭിച്ചത്.
രാജ്യത്ത് ട്രാൻസിറ്റ് യാത്രയിലെത്തുന്നവർക്ക് കുറഞ്ഞ സമയത്തിനകം മസ്ജിദ് സന്ദർശിച്ച് പോകാനുള്ള സൗകര്യം മുൻനിർത്തിയാണ് രാത്രി സാംസ്‌കാരിക ടൂറുകൾ തുടങ്ങിയത്.
24 മണിക്കൂറും 14 ഭാഷകളിലായി വെർച്വൽ കൾച്ചറൽ ടൂറുകളുമുണ്ട്.
Content Highlights: Sheikh Zayed Grand Mosque