മൈക്രോസോഫ്റ്റ് തകരാർ: പ്രതിസന്ധി തരണംചെയ്ത് യു.എ.ഇ

അബുദാബി : മൈക്രോസോഫ്റ്റ് വിൻഡോസിന്റെ സാങ്കേതികപ്രശ്‌നം യു.എ.ഇ.യിലെ ചില പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തി.
ദുബായ് വിമാനത്താവളത്തിലെ ഒന്ന്, രണ്ട് ടെർമിനലുകളിെല ചില എയർലൈനുകളുടെ ചെക് ഇൻ പ്രക്രിയയിൽ പ്രശ്നമുണ്ടായി. ഉടൻതന്നെ ബദൽ സംവിധാനത്തിലേക്ക് മാറി ചെക് ഇൻ വേഗത്തിൽ പുനരാരംഭിച്ചു.
വിവിധ രാജ്യങ്ങളിൽനിന്ന് ദുബായിലേക്ക് എത്തേണ്ട ചില വിമാനസർവീസുകൾ വൈകി. ഇതിനാൽ ദുബായിൽനിന്ന് പുറപ്പെടേണ്ട സർവീസുകളിലും കാലതാമസമുണ്ടായി. വിവിധ ഗൾഫ് രാജ്യങ്ങളിലും സമാനസ്ഥിതിയായിരുന്നു. അതേസമയം, ദുബായ് ഒഴികെ യു.എ.ഇ.യിലെ മറ്റ് വിമാനത്താവളങ്ങളെയൊന്നും പ്രശ്നം ബാധിച്ചതായി റിപ്പോർട്ടുകളില്ല. യു.എ.ഇ. ആസ്ഥാനമായുള്ള ട്രാവൽ ഏജൻസികൾക്കും സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടു.
യു.എ.ഇ. സർക്കാരിന്റെ ചില ഓൺലൈൻ സേവനങ്ങൾ മൂന്നുമണിക്കൂർ തടസ്സപ്പെട്ടു. പിന്നീട് സാധാരണ നിലയിലായി. യു.എ.ഇ. വിദേശകാര്യ മന്ത്രാലയത്തിലെ സാക്ഷ്യപ്പെടുത്തൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെയാണ് പ്രശ്നം താത്കാലികമായി ബാധിച്ചത്. പ്രശ്നം പൂർണമായി പരിഹരിക്കപ്പെടുന്നതുവരെ ഓൺലൈൻ പോർട്ടലുകളിലൂടെ ഇടപാടുകൾ നടത്തരുതെന്ന് യു.എ.ഇ. വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു.
ഡിജിറ്റൽ സേവനങ്ങളിൽ പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് യു.എ.ഇ. മാനവവിഭവശേഷി മന്ത്രാലയവും സമാനമായ സുരക്ഷാ നിർദേശം പുറപ്പെടുവിച്ചു.
സോഫ്റ്റ്‌വേർ അപ്ഡേറ്റുകളിൽ ജാഗ്രത പാലിക്കാൻ ക്രൗഡ്സ്‌ട്രൈക്ക് സോഫ്റ്റ്‌വേറിന്റെ ഉപയോക്താക്കളോട് യു.എ.ഇ. ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റഗുലേറ്ററി അതോറിറ്റി (ടി.ഡി.ആർ.എ.) സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു.
ഹാക്കർമാരുടെ ആക്രമണം തടയാൻ ഗൂഗിൾ ക്രോമിന്റെ പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യാൻ യു.എ.ഇ. സൈബർസുരക്ഷാ കൗൺസിൽ നിർദേശിച്ചു. യു.എ.ഇ.യിലെ ചെറുകിട സ്ഥാപനങ്ങളുടെ പേമെന്റ് സംവിധാനങ്ങളെയും പ്രശ്നം ബാധിച്ചു. പലയിടത്തും പി.ഒ.എസ്. (പോയിന്റ് ഓഫ് സെയിൽ യന്ത്രം) പ്രവർത്തിച്ചില്ല. എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിക്കാൻ സാധിക്കാത്തതും പൊതുജനങ്ങളെ വലച്ചു.
സൗദിയിലെ റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങളിൽ തങ്ങളുടെ വിമാനസർവീസ് തടസ്സപ്പെട്ടതായി ഫ്ലൈനാസും ഫ്ലൈ അദീലും അറിയിച്ചു.
വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്
മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ലോകവ്യാപകമായി സാങ്കേതികപ്രശ്നം നേരിട്ടതിനെത്തുടർന്ന് അതീവ ജാഗ്രതാനിർദേശം നൽകി യു.എ.ഇ.യും. അതേസമയം, വിഷയത്തിൽ തെറ്റായ വാർത്തകളോ കിംവദന്തികളോ പ്രചരിപ്പിക്കരുതെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. വിവരങ്ങളറിയാൻ താമസക്കാർ ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണം. വ്യക്തിഗതവിവരങ്ങൾ പരിശോധിക്കാനും ഔദ്യോഗികമാർഗങ്ങൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
സാങ്കേതികതടസ്സങ്ങൾ ജനജീവിതത്തെ നേരിയതോതിൽ ബാധിച്ചിരുന്നു. ചില സ്റ്റോറുകളിലും ഫാർമസികളിലും പെട്രോൾ സ്റ്റേഷനിലുംമറ്റും ബാങ്ക് കാർഡ് പേമെന്റുകൾ ഉപയോഗിക്കാനായില്ല. പണം വാങ്ങിയായിരുന്നു ഇടപാടുകൾ നടന്നത്. അതോടെ, പണം പിൻവലിക്കാനായി എ.ടി.എമ്മുകളിലും തിരക്കായി. ചില എ.ടി.എമ്മുകളിലും സാങ്കേതിക തകരാർ നേരിട്ടു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി വെള്ളവും പാലുമെല്ലാം വാങ്ങാൻ സ്റ്റോറിലെത്തിയെങ്കിലും പണം നൽകാനായില്ലെന്ന് തിരുവനന്തപുരം സ്വദേശിനി വിദ്യാ പ്രശാന്ത് പറഞ്ഞു. തൊട്ടടുത്തുള്ള എ.ടി.എമ്മും പ്രവർത്തനരഹിതമായിരുന്നു. ജബൽ അലിയിലെ ഒരു പെട്രോൾ സ്റ്റേഷനിലെത്തിയ താമസക്കാരനും ഇതേ അനുഭവം നേരിട്ടു. അതേസമയം, വിവിധ ഡെലിവറി ആപ്പുകളിലൊന്നും തടസ്സങ്ങളുണ്ടായില്ല.
ദുബായിയുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയർലൈൻ ഇതുവരെ കാലതാമസമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ സൂക്ഷ്മമായി പരിശോധിച്ചുവരുകയാണെന്ന് എമിറേറ്റ്‌സ് വക്താവ് പറഞ്ഞു. സാങ്കേതികത്തകരാർ തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് ഫ്ളൈ ദുബായ്, എയർ അറേബ്യ വക്താക്കളും സ്ഥിരീകരിച്ചു.
അതേസമയം, സിങ്കപ്പൂർ, ബാങ്കോക്ക്, ഹോങ്‌കോങ്, ഇന്ത്യ, യു.എസ്. എന്നിവിടങ്ങളിൽനിന്ന് യു.എ.ഇ.യിലേക്ക് എത്തേണ്ട വിമാനങ്ങളിൽ ചിലത് വൈകുകയും നിർത്തിവെക്കുകയും ചെയ്തിരുന്നു.
അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേസ് വൈകിപ്പറന്നേക്കാം എന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
യു.എ.ഇ.യിലെ ട്രാവൽ ഏജൻസികൾക്ക് എയർലൈനുകളുടെ നിരക്കുകൾ ഡൗൺലോഡ് ചെയ്യാനും ടിക്കറ്റുകളും മറ്റ് സേവനങ്ങൾ നൽകാനും വെള്ളിയാഴ്ച തടസ്സം നേരിട്ടിരുന്നു. മസ്‌കറ്റിൽനിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വെള്ളിയാഴ്ച വൈകി.
Content Highlights: Microsoft issue, UAE overcomes the crisis