ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; ആക്രമിച്ചത് കോഴിക്കോട് സ്വദേശി, പ്രതി അറസ്റ്റിൽ

ഷാർജ: മലയാളിയുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചനിലയിൽ. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി ചാലപ്പടിക്കൽ നെഫാദ്(38) ആണ് മരിച്ചത്. നസിറിയ സുലേഖ ആശുപത്രിക്കുസമീപത്തെ കഫ്റ്റീരിയ ജീവനക്കാരനായിരുന്നു.
സംഭവത്തിൽ കഫ്റ്റീരിയയിലെ നെഫാദിന്റെ സഹപ്രവർത്തകനായ താമരശ്ശേരി കരുവംപൊയിൽ സ്വദേശിയായ ഷെമീറിനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം.
രാവിലത്തെ ഷിഫ്റ്റ് കഴിഞ്ഞ് നെഫാദ് ഉറങ്ങുന്നതിനിടെയാണ് കൊലപ്പെടുത്തിയതെന്ന് കരുതുന്നു. അഞ്ചുമണിക്കായിരുന്നു അടുത്ത ഷിഫ്റ്റ് തുടങ്ങേണ്ടത്. അതേ മുറിയിൽത്തന്നെയായിരുന്നു ഷെമീറും താമസിച്ചിരുന്നത്.
നാദാപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കഫ്റ്റീരിയയിൽ 15 വർഷമായി നെഫാദ് ജോലിചെയ്യുന്നു. നാട്ടിൽ നെഫാദിന്റെ വീടുപണി നടന്നുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രയാസത്തെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി നാട്ടിൽ പോയിട്ടില്ല. പരേതനായ ഇബ്രാഹിമിന്റെയും നഫീസയുടെയും മകനാണ് നെഫാദ്. ഭാര്യ: ആരിഫ, രണ്ടുമക്കളുണ്ട്. സഹോദരൻ നജീബ് സൗദി അറേബ്യയിലാണ്. കബറടക്കം നാട്ടിൽ.
Content Highlights: 38-year-old Nefad from Thamarassery, Kozhikode, found dead in Sharjah., Victim was a cafeteria employee near Nasiriya Sulekha Hospital., Police arrested a co-worker, Shameer, who shared the same room., The incident occurred on Thursday evening while the victim was sleeping.