ഏറ്റവും കൂടുതൽ എഴുത്തുകാരുടെ ചിത്രങ്ങൾ പകർത്തി; പ്രവീൺ പാലക്കീലിന് ലോക റെക്കോർഡ് നേട്ടം

ദുബായ്: ഏറ്റവും കൂടുതൽ എഴുത്തുകാരുടെ ചിത്രങ്ങൾ പകർത്തിയ പ്രവാസി മലയാളിക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് നേട്ടം. എഴുത്തുകാരനും സാംംസ്‌കാരിക പ്രവർത്തകനുമായ കണ്ണൂർ പയ്യന്നൂർ സ്വദേശി പ്രവീൺ പാലക്കീലിനാണ് നേട്ടം. 2023 ൽ ഇതേ നേട്ടത്തിന് അദ്ദേഹത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സും ലഭിച്ചിരുന്നു.
എം.ടി വാസുദേവൻ നായർ, ടി.പത്മനാഭൻ, പെരുമ്പടവം ശ്രീധരൻ, സേതു, സക്കറിയ, ശശി തരൂർ, കെ.ആർ മീര എന്നിങ്ങനെ അഞ്ഞൂറിലേറെ എഴുത്തുകാരുടെ ചിത്രങ്ങൾ ഇദ്ദേഹം പകർത്തിയിട്ടുണ്ട്. കൂടാതെ യേശുദാസ്, ചിത്ര, ഇളയരാജ, പി ജയചന്ദ്രൻ, എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, ജി. വേണുഗോപാൽ, ഉണ്ണിമേനോൻ, ശ്രീനിവാസ്, മധു ബാലകൃഷ്ണൻ, വിധുപ്രതാപ്, ബിജു നാരായണൻ, കണ്ണൂർ ഷെറീഫ്, സിത്താര, ജോത്സന,രമേഷ് നാരായണൻ, വൈക്കം വിജയലക്ഷ്മി, ജാസി ഗിഫ്റ്റ് തുടങ്ങി അൻപതിലേറെ പിന്നണിഗായകരുടെയും പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, വിഡി സതീശൻ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളുടെയും ചിത്രങ്ങളും പകർത്തിയിട്ടുണ്ട്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കാനെത്തുമ്പോഴാണ് പ്രവീൺ ഇവയെല്ലാം പകർത്തുന്നത്.
യു.എ.ഇ.യിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ് പ്രവീൺ. അക്ഷരക്കൂട്ടം, പ്രവാസി ബുക്ക് ട്രസ്റ്റ്, പാം പുസ്തകപ്പുര, മാൽക്ക, ഷാർജ ഇന്ത്യൻ അസോസിയേഷൻ പബ്ലിക്കേഷൻ കമ്മിറ്റി, പയ്യന്നൂർ സൗഹൃദ വേദി തുടങ്ങിയ സാഹിത്യ സാംസ്‌ക്കാരിക കൂട്ടായ്മകളുടെ പ്രവർത്തനങ്ങളിൽ സജീവമാണ്. പരേതനായ മുട്ടിൽ ചന്ദ്രശേഖരന്റെയും പത്മാവതി പാലക്കീലിന്റെയും മകനാണ്. ഭാര്യ ധന്യാ പ്രവീൺ. മക്കൾ ധ്യാൻ പ്രവീൺ, ധ്രുവ് പ്രവീൺ.