പാസ്പോർട്ട്, വിസ സേവനങ്ങൾ: വ്യാജ ഏജന്റുമാരെ സൂക്ഷിക്കണമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അബുദാബി: പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസുലാർ സേവനങ്ങൾക്കായി അംഗീകാരമില്ലാത്ത ഏജന്റുമാരെ സമീപിക്കരുതെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സംവിധാനങ്ങൾവഴി മാത്രം സേവനങ്ങൾ ലഭ്യമാക്കണമെന്നും എംബസി വ്യക്തമാക്കി.

ഇന്ത്യൻ മിഷനുകളെ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെട്ട് പ്രവർത്തിക്കുന്ന അനധികൃത ഏജന്റുമാർക്കെതിരെയാണ് എംബസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും അബുദാബിയിലെ ഇന്ത്യൻ എംബസിയും ബി.എൽ.എസ് ഇന്റർനാഷണൽ, എസ്.ജി.ഐ.വി.എസ് ഗ്ലോബൽ എന്നിവരുമായുള്ള ഔട്ട്‌സോഴ്‌സിങ് കരാർ അവസാനിപ്പിച്ചതിനെത്തുടർന്നാണ് നിർദേശം.

ജൂലായ് ഒന്നു മുതൽ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ എല്ലാ സേവനങ്ങളും അതത് മിഷനുകളുടെ ഓഫീസുകളിൽനിന്ന് നേരിട്ടാണ് നൽകുന്നത്. അതിനാൽ മേൽപ്പറഞ്ഞ ഏജൻസികൾക്ക് നിലവിൽ സേവനങ്ങൾ നൽകാൻ യാതൊരു അംഗീകാരവുമില്ലെന്ന് എംബസി അധികൃതർ വ്യക്തമാക്കി.

അപ്പോയിന്റ്മെന്റുകൾക്ക് ഔദ്യോഗിക പോർട്ടൽ:

കോൺസുലാർ സേവനങ്ങൾക്കായി അപ്പോയിന്റ്മെന്റുകൾ എടുക്കേണ്ടത് book.passportindiauae.com എന്ന ഔദ്യോഗിക പോർട്ടലിലൂടെയാണ്. ഈ സേവനം സൗജന്യമാണെന്നും അപ്പോയിന്റ്മെന്റുകൾക്കായി പണം ഈടാക്കാൻ ആർക്കും അനുവാദം നൽകിയിട്ടില്ലെന്നും എംബസി അറിയിച്ചു. ഏജന്റുമാർക്കോ മറ്റ് മൂന്നാം കക്ഷികൾക്കോ സേവനത്തിനായി പണം നൽകരുതെന്നും അധികൃതർ വ്യക്തമാക്കി.

ജാഗ്രത പാലിക്കുക:

ഇന്ത്യൻ മിഷനുകളുടെ പേരിൽ വ്യാജമായി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നവരെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഇത്തരക്കാരാൽ വഞ്ചിക്കപ്പെട്ടവർ ഔദ്യോഗിക ചാനലുകൾവഴി ഉടൻതന്നെ വിവരം അറിയിക്കേണ്ടതാണ്. സേവനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്‌സൈറ്റുകളെ മാത്രം ആശ്രയിക്കണമെന്നും എംബസി വാർത്താക്കുറിപ്പിലൂടെ അഭ്യർഥിച്ചു.

Content Highlights: Indian Embassy warns against unauthorized visa and passport agents., Outsourcing contracts with BLS International and SGIVS Global are terminated., All services must be accessed directly through official mission offices., Appointments are free and must be booked only via book.passportindiauae.com., Public urged to report fraudulent activities to official channels.