ആർ.ടി.എ.ക്ക് നാല് അന്താരാഷ്ട്ര പുരസ്കാരം

ദുബായ് : ഗതാഗതരംഗത്തെ ആസൂത്രണ മികവിനും മികച്ച നിക്ഷേപ പ്രവർത്തനങ്ങൾക്കും ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (ആർ.ടി.എ.) ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് (യു.ഐ.ടി.പി.) നാല് പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഗതാഗത രംഗത്തെ ആസൂത്രണം, നിയന്ത്രണം, നിക്ഷേപം, നൂതന ആശയങ്ങളും ദീർഘ വീക്ഷണവും ഡിജിറ്റൽ പരിവർത്തനം എന്നിവക്കാണ് അംഗീകാരം. ആർ.ടി.എ. നടപ്പാക്കുന്ന ഗതാഗത ആസൂത്രണ രീതിയുടെ മികവ്, സംയോജനം, എമിറേറ്റിലെ നഗര സാമ്പത്തിക വളർച്ചയുടെ ലക്ഷ്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ റോഡ്, ഗതാഗത പദ്ധതി പ്ലാനുകൾ വികസിപ്പിക്കുന്നതിന് ലോകോത്തര ഉപകരണങ്ങളുടെ ഉപയോഗം എന്നിവയുടെ തെളിവാണ് ഈ അംഗീകാരമെന്ന് ആർ.ടി.എ. വ്യക്തമാക്കി.
യു.ഐ.ടി.പി. യിലെ വിദഗ്ധരുടെ പരിശോധനകളിലൂടെയാണ് 55 മികച്ച പ്രവർത്തനങ്ങൾ, വ്യത്യസ്തമായ നാല് പദ്ധതികൾ എന്നിവ തിരിച്ചറിഞ്ഞതെന്ന് ആർ.ടി.എ. യുടെ ഇന്നവേഷൻ ആൻഡ് സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഗവേണൻസ് സെക്ടർ ഡയറക്ടർ ഫാത്തിമ അൽ മന്തൂസ് പറഞ്ഞു.
Content Highlights: Four international awards for RTA