ഹോർമുസ് പ്രതിസന്ധി; ഗൾഫിൽ ചരക്കുകൂലി ഇനിയും ഉയർന്നേക്കും, മുന്നറിയിപ്പുമായി പ്രമുഖ വ്യാപാരികൾ

#പ്രവാസി ഡെസ്ക്

ദുബായ്: ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്നും കടുത്ത കണ്ടെയ്നർ ക്ഷാമം കാരണവും യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള ചരക്കുകൂലി വരുന്ന മാസങ്ങളിൽ 25 ശതമാനം വരെ ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്ന് പ്രമുഖ വ്യാപാരികളും ഇറക്കുമതിക്കാരും മുന്നറിയിപ്പ് നൽകുന്നു. പ്രാദേശിക സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് പാത അടച്ചതോടെ ചരക്കുകൂലി നിരക്കുകൾ ഇതിനകം പത്തിരട്ടിയോളം വർധിച്ചിട്ടുണ്ട്. മുമ്പ് 1,000 ഡോളർ മാത്രം ചെലവഴിച്ചിരുന്ന ഒരു ഷിപ്പ്മെന്റിന് ഇപ്പോൾ 10,000 മുതൽ 12,000 ഡോളർ വരെയാണ് നിരക്കെന്നും ഇത് വരും മാസങ്ങളിൽ 15,000 ഡോളർ വരെ ഉയർന്നേക്കാമെന്നും ഡാന്യൂബ് ഗ്രൂപ്പ് വൈസ് ചെയർമാൻ അനീസ് സാജൻ വ്യക്തമാക്കി.

ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കണ്ടെയ്നറുകൾക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. മുൻപ് യു.എ.ഇയിൽ എത്തിച്ചേരാൻ 25 ദിവസമെടുത്തിരുന്ന ചരക്കുകൾക്ക് ഇപ്പോൾ 60 മുതൽ 90 ദിവസം വരെ കാലതാമസം നേരിടുന്നുണ്ടെന്നും അടിയന്തര സർചാർജ് കൂടി ഇതിലേക്ക് ചേർത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബായിൽ നടന്ന 'ദുബായ് മി ലാനോ ട്രേഡേഴ്സ് മീറ്റിലാണ്' പ്രമുഖ വ്യാപാരികൾ ഈ ആശങ്കകൾ പങ്കുവെച്ചത്. നിർമ്മാണ സാമഗ്രികളുടെ വിലയും ഗതാഗതച്ചെലവും ഉയർന്നുവെങ്കിലും തങ്ങളുടെ പ്രധാന സ്ഥാപനങ്ങളായ കസ മിലാനോ 20 ശതമാനം വളർച്ച കൈവരിച്ചതായും ഡാന്യൂബ് ബിൽഡിംഗ് മെറ്റീരിയൽസ് വളർച്ച രേഖപ്പെടുത്തിയതായും അനീസ് സാജൻ പറഞ്ഞു. അസംസ്‌കൃത വസ്തുക്കളുടെ വിലയും വൻതോതിൽ ഉയർന്നതായി കസ മി ലാനോ ഡയറക്ടർ അസ്ഹർ സാജൻ പറഞ്ഞു.

ബ്രാസിന്റെ (പിച്ചള) വില മുൻപത്തേതിനേക്കാൾ 30 ശതമാനമാണ് ഉയർന്നത്. ഉയർന്ന ഇറക്കുമതിച്ചെലവ് മറികടക്കാൻ ആഫ്രിക്കൻ രാജ്യങ്ങളായ എത്യോപ്യ, സുഡാൻ, സൊമാലിയ, കൂടാതെ ജോർജിയ എന്നിവിടങ്ങളിലേക്ക് കസ മി ലാനോ കയറ്റുമതി വ്യാപിപ്പിച്ചിട്ടുണ്ട്. ചൈനയിൽ നിന്നുള്ള നേരിട്ടുള്ള വാങ്ങൽ സാധ്യതകൾ തുറന്നതോടെ കമ്പനിയുടെ കയറ്റുമതി അഞ്ചു വർഷം മുൻപത്തെ 10 ശതമാനത്തിൽ നിന്ന് ഇപ്പോൾ 30-35 ശതമാനമായി ഉയർന്നു. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ യു.എ.ഇയിലെ ഖോർഫക്കാൻ, ഫുജൈറ തുറമുഖങ്ങൾ വലിയ ആശ്വാസമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചരക്കുകൂലി നിരക്കുകൾ മുൻവർഷങ്ങളേക്കാൾ ഉയർന്ന നിലയിൽ തന്നെ തുടരുമെന്ന് ട്രേഡ്എക്‌സ് ലിങ്ക് മാർക്കറ്റിംഗ് ആൻഡ് ഗ്രോത്ത് ഡയറക്ടർ മസ്ന ഹസീൻ പറഞ്ഞു. 40 ഫൂട്ട് ഹൈ-ക്യൂബ് കണ്ടെയ്നറുകളുടെ നിരക്ക് മുൻപുണ്ടായിരുന്ന 2,000 ഡോളറിൽ നിന്ന് ഇപ്പോൾ 7,000 മുതൽ 11,000 ഡോളർ വരെയായി ഉയർന്നുവെന്നും ഇത് 250 മുതൽ 450 ശതമാനം വരെയുള്ള വർധനവാണെന്നും അവർ ചൂണ്ടിക്കാട്ടി. ഈ വർഷത്തിന്റെ നാലാം പാദത്തിലും നിരക്കുകൾ ഉയർന്ന നിലയിൽ തന്നെ തുടരുമെന്നും, ഇന്ധന വിലയും വിതരണ ശേഷിയും പ്രതിസന്ധിയിലായാൽ സെപ്റ്റംബറിലെ നിരക്കുകളേക്കാൾ അഞ്ച് മുതൽ 15 ശതമാനം വരെ കൂടുതൽ വർധിച്ചേക്കാമെന്നും അവർ അനുമാനിക്കുന്നു.
ചൈനയിലെ അവധിക്കാലവും (സെപ്റ്റംബർ 25-27), ദേശീയ ദിനാഘോഷ അവധികളും (ഒക്ടോബർ 1-7) കണക്കിലെടുത്ത് ഫാക്ടറികൾ തുറക്കുന്ന തീയതികൾ പരിശോധിച്ച് ചരക്കുനീക്കം മുൻകൂട്ടി പ്ലാൻ ചെയ്യാൻ ഇറക്കുമതിക്കാരോട് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. തടസ്സങ്ങൾ കാരണം ഷിപ്പ്മെന്റുകൾ വൈകിയാൽ ക്രിസ്മസ്, വർഷാവസാന വിപണികളിലെ വിൽപ്പനയെ അത് പ്രതികൂലമായി ബാധിക്കും. എന്നാൽ സംഘർഷങ്ങൾക്ക് പരിഹാരമായാൽ, യു.എ.ഇ സമ്പദ്വ്യവസ്ഥയുടെയും വ്യാപാര സമൂഹത്തിന്റെയും കരുത്ത് കാരണം ഏതാനും മാസങ്ങൾക്കുള്ളിൽ സാഹചര്യം സാധാരണ നിലയിലാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.