വിവിധ മേഖലകളിൽ ഗവേഷണം; ബർമിങ്ങാം സർവകലാശാലയുമായുള്ള പങ്കാളിത്തം ആർടിഎ തുടരും

ദുബായ് : ഗതാഗതരംഗത്ത് ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കാനും നൂതനത്വം സ്വീകരിക്കാനും ബർമിങാം സർവകലാശാലയുമായുള്ള പങ്കാളിത്തം റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പുതുക്കി. 2019-ൽ ആരംഭിച്ച പങ്കാളിത്ത കരാറാണ് ഇപ്പോൾ പുതുക്കിയത്.
ഗവേഷണവും വികസനവും വർധിപ്പിക്കുക, നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് പുതിയ സംവിധാനങ്ങൾ വികസിപ്പിക്കുക എന്നിവയുൾപ്പെടെ ഒൻപത് പ്രധാന പദ്ധതികളിൽ കരാർ ശ്രദ്ധകേന്ദ്രീകരിക്കും.
സുരക്ഷ, സുസ്ഥിരത എന്നീ മേഖലകളിലെ ഭാവി ഗവേഷണങ്ങളെയും പിന്തുണയ്ക്കും. ഗതാഗത മേഖലയിലെ മുൻനിര സ്ഥാപനമെന്ന നിലയിൽ വിവിധ പങ്കാളികളുമായി ഏകോപിപ്പിച്ച് പുത്തൻ സംരംഭങ്ങൾ നടപ്പാക്കാനുള്ള ആർടിഎയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പങ്കാളിത്തം പുതുക്കിയത്. വെർച്വൽ റിസർച്ച് ആൻഡ് ഇനവേഷൻ സെന്ററുകൾ വിലയിരുത്തൽ, ഭാവി മൊബിലിറ്റിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ പരിപാടികൾ നടപ്പാക്കുക എന്നിവയ്ക്കും സഹകരണം ശക്തമാക്കും. സുസ്ഥിര ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കാൻ പങ്കാളിത്തം നിർണായക സംഭാവനകൾ നൽകുമെന്നാണ് വിലയിരുത്തൽ.
Content Highlights: Dubai RTA Renews Partnership for Transport R&D