ദുബായിൽ ഗുൽമോഹർ പൂക്കാലം; ഗുൽമോഹർ തൈകൾ നട്ടുപിടിപ്പിക്കുന്നത് വ്യാപിപ്പിക്കാൻ നിർദ്ദേശം

ദുബായ്: നഗരത്തിലുടനീളം ഗുൽമോഹർ (ഫ്‌ലെയിം ട്രീ) തൈകൾ നട്ടുപിടിപ്പിക്കുന്നത് വ്യാപിപ്പിക്കാൻ യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദ്ദേശം നൽകി. ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിലാണ് തെരുവുകൾ, പാർപ്പിട പ്രദേശങ്ങൾ, വിനോദ സ്ഥലങ്ങൾ, പാർക്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇവ വ്യാപിപ്പിക്കാൻ നിർദ്ദേശം നൽകിയത്. വീടുകളിലും ഫാമുകളിലും ഗുൽമോഹറുകൾ നട്ടുപിടിപ്പിക്കാൻ താത്പര്യമുള്ളവർ തൈകൾ ലഭ്യമാക്കാനും അറിയിച്ചിട്ടുണ്ട്. ഗുൽമോഹറുകളുടെ വളർച്ചയ്ക്ക് അനുയോജ്യമായ കാലാവസ്ഥയാണ് എമിറേറ്റിലുള്ളത്. നല്ലരീതിയിൽ സൂര്യപ്രകാശം ലഭിച്ചാൽ ഇവ തഴച്ചു വളരുകയും 40 മുതൽ 60 വർഷങ്ങൾ വരെ നിലനിൽക്കുകയും ചെയ്യും. നടപ്പാതകളും പാർക്കുകൾ ഉൾപ്പടെയുള്ള തുറസ്സായ പ്രദേശങ്ങളിലും തെരുവുകളിലുമെല്ലാം തണലൊരുക്കുന്ന ഈ പൂമരങ്ങൾ കാണാൻ പ്രത്യേക ഭംഗിയുമാണ്. നിലവിൽ ദുബായ് മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ എമിറേറ്റിലെ റോഡുകളിലും പാർക്കുകളിലുമായി ഒട്ടേറെ ഗുൽമോഹറുകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പൊതുയിടങ്ങളിലെ ചൂട് കുറയ്ക്കുന്നതിലും നഗരഭംഗി വർധിപ്പിക്കുന്നതിലും ഗുൽമോഹർ മരങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്.