മിഡിൽ ഈസ്റ്റിലെ കരുത്തരായ ബിസിനസ്സ് നേതാക്കളുടെ പട്ടികയിൽ എം.എ. യൂസഫലിയും ഡോ. ഷംഷീർ വയലിലും

ദുബായ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രമുഖ മാധ്യമ ശൃംഖലകളിലൊന്നായ സിഎൻബിസി അറേബ്യ പുറത്തുവിട്ട 2026-ലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 ബിസിനസ്സ് നേതാക്കളുടെ പട്ടികയിൽ മലയാളിത്തിളക്കമായി ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലിയും ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിലും.
മിഡിൽ ഈസ്റ്റിലെ സമ്പദ്‌വ്യവസ്ഥയെ നിർണായകമായി സ്വാധീനിക്കുന്ന വ്യോമയാനം, ബാങ്കിങ്, ഊർജ്ജം, ആരോഗ്യസംരക്ഷണം, റീട്ടെയിൽ, സാങ്കേതികവിദ്യ, റിയൽ എസ്റ്റേറ്റ് തുടങ്ങി 11 പ്രധാന മേഖലകളിലെ സ്ഥാപകർ, ചെയർമാന്മാർ, സിഇഒമാർ എന്നിവരടങ്ങുന്ന പട്ടികയിൽ മലയാളികളായി ഇരുവരും മാത്രമേയുള്ളൂ.
സാമ്പത്തിക പ്രകടനം, സാമ്പത്തിക സ്വാധീനം, നവീകരണം, കോർപ്പറേറ്റ് ഭരണം, പ്രതിരോധശേഷിയും സുസ്ഥിരതയും എന്നീ അഞ്ച് പ്രധാന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സിഎൻബിസി അറേബ്യ ഈ പട്ടിക തയാറാക്കിയിരിക്കുന്നത്. എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, അഡ്നോക് ഗ്യാസ് സിഇഒ ഫാത്തിമ മുഹമ്മദ് അൽ നുഐമി, ദമാക് ഗ്രൂപ്പ് സ്ഥാപകൻ ഹുസൈൻ സജ്വാനി, ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത് തുടങ്ങി മിഡിൽ ഈസ്റ്റിലെ പ്രമുഖർ പട്ടികയിലുണ്ട്.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവുമായ ബിസിനസ്സ് ഗ്രൂപ്പുകളിലൊന്നിന്റെ ചെയർമാൻ എന്നാണ് സിഎൻബിസി അറേബ്യ എം.എ. യൂസഫലിയെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 280-ലധികം റീട്ടെയിൽ സ്റ്റോറുകളുമായി വളർന്ന ലുലു ഗ്രൂപ്പിന്റെ വാർഷിക വരുമാനം 8.4 ബില്യൺ യുഎസ് ഡോളർ കടന്നതായും പ്രൊഫൈലിൽ വ്യക്തമാക്കുന്നു. 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള 75,000-ത്തിലധികം ആളുകൾക്ക് ജോലി നൽകുന്ന ലുലു ഗ്രൂപ്പ്, ആഗോള വിതരണ ശൃംഖലയിലൂടെ മേഖലയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ വഹിക്കുന്ന പങ്കും, മിഡിൽ ഈസ്റ്റും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ ശക്തമാക്കുന്നതിൽ യൂസഫലി നൽകുന്ന സംഭാവനകളും ലിസ്റ്റിൽ എടുത്തുപറയുന്നു.
ആരോഗ്യ വിഭാഗത്തിൽ പട്ടികയിൽ ഇടം നേടിയ ഒരേയൊരു പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിലാണ്. റേഡിയോളജിസ്റ്റിൽ നിന്നും സംരംഭകനായി മാറിയ ഡോ. ഷംഷീർ വയലിലിനെ മികച്ച ആരോഗ്യ-വിദ്യാഭ്യാസ നേതാവായും തന്ത്രപരമായ നിക്ഷേപകനായുമാണ് സിഎൻബിസി അറേബ്യ പ്രൊഫൈലിൽ അടയാളപ്പെടുത്തുന്നത്. 2007-ൽ അബുദാബിയിൽ ആദ്യത്തെ ആശുപത്രി സ്ഥാപിച്ച് തുടങ്ങിയ സംരംഭക യാത്ര, മേഖലയിലാകെ പരന്നുകിടക്കുന്ന ഒരു സംയോജിത ഹെൽത്ത് കെയർ ഇക്കോസിസ്റ്റമായി ബുർജീൽ ഹോൾഡിങ്സിനെ മാറ്റിത്തീർത്തു. ആശുപത്രികൾ, പ്രീ-ഹോസ്പിറ്റൽ കെയർ, ഫാർമസ്യൂട്ടിക്കൽസ്, വിദ്യാഭ്യാസം, ഗവേഷണം എന്നിവയിലെല്ലാം മുൻപന്തിയിലുള്ള ബുർജീൽ ഹോൾഡിങ്സിന്റെ വളർച്ചയ്ക്കൊപ്പം ഡോ. ഷംഷീറിന്റെ മാനുഷിക സേവന പ്രവർത്തനങ്ങളെയും കമ്മ്യൂണിറ്റി ഇംപാക്ടിനെയും സിഎൻബിസി അറേബ്യ പ്രശംസിക്കുന്നു.
യൂസഫലിക്കും ഡോ. ഷംഷീറിനും പുറമെ ഇന്ത്യയിൽ നിന്നുള്ള പ്രമുഖ ബിസിനസ്സ് നേതാക്കളും പട്ടികയിലുണ്ട്. ഡാന്യൂബ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ റിസ്‌വാൻ സാജൻ, പെട്രോകെം മിഡിൽ ഈസ്റ്റ് സ്ഥാപകനും ചെയർമാനുമായ യോഗേഷ് മേത്ത, ദുബായ് ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. അദ്നാൻ ചിൽവാൻ, ഇഎഫ്എസ് ഫെസിലിറ്റീസ് സർവീസസ് ഗ്രൂപ്പ് കോ-ഫൗണ്ടറും എക്സിക്യൂട്ടീവ് വൈസ് ചെയർമാനുമായ താരിഖ് ചൗഹാൻ, ജസീറ എയർവേസ് സിഇഒ ഭരതൻ പശുപതി എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു.
Content Highlights: M.A. Yusuff Ali and Dr. Shamsheer Vayalil represent Kerala on the prestigious 2026 CNBC Arabia list., Selection based on economic impact, innovation, corporate governance, and sustainability