നിഖിലേഷിനും നിധീഷിനും സ്വപ്ന സാഫല്യം, ട്രൈബല്‍ സ്‌കൂളിലെ വിദ്യർഥികൾ യുഎഇ കാണാനായതിൻ്റെ സന്തോഷത്തിൽ

#ഇ.ടി പ്രകാശ്
സരസ്വതി, നിധീഷ്, ഉമാ പ്രേമന്‍ , സന്തോഷ് കേട്ടത്ത് , അനിത, നിഖിലേഷ്, സരസ്വതി എന്നിവര്‍ മിറാക്കിള്‍ ഗാര്‍ഡനിൽ
സരസ്വതി, നിധീഷ്, ഉമാ പ്രേമന്‍ , സന്തോഷ് കേട്ടത്ത് , അനിത, നിഖിലേഷ്, സരസ്വതി എന്നിവര്‍ മിറാക്കിള്‍ ഗാര്‍ഡനിൽ

ഷാര്‍ജ: ചിത്രങ്ങളില്‍ മാത്രം കണ്ട യുഎഇ എന്ന രാജ്യത്തെത്താന്‍ സാധിച്ച സന്തോഷത്തിലാണ് പാലക്കാട് അട്ടപ്പാടി എ.പി.ജെ. അബ്ദുല്‍ കലാം ട്രൈബല്‍ സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥികള്‍. ഏഴാംക്ലാസ്സ് വിദ്യാര്‍ഥികളായ നിഖിലേഷ്, നിധീഷ് എന്നിവരെയാണ് രക്ഷിതാക്കള്‍ക്കൊപ്പം ഷാര്‍ജയിലെ സാമൂഹിക പ്രവര്‍ത്തകനും വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡിലീസ്റ്റ് മേഖലാ ചെയര്‍മാനുമായ സന്തോഷ് കേട്ടത്ത് യുഎഇയിലെത്തിച്ചത്.

വിദ്യാര്‍ഥികള്‍ക്കൊപ്പം നിഖിലേഷിന്റെ അമ്മയായ സരസ്വതി, നിധീഷിന്റെ അമ്മ ജയ എന്നിവരെക്കൂടാതെ അട്ടപ്പാടി എ.പി.ജെ. അബ്ദുല്‍ കലാം ട്രൈബല്‍ സ്‌കൂള്‍ മാനേജരായ സാമൂഹിക പ്രവര്‍ത്തക ഉമാ പ്രേമനും കുട്ടികളെ അനുഗമിച്ചെത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ക്കും ഉമാ പ്രേമനുമൊപ്പമെത്തിയത്. ആദ്യദിവസം തന്നെ സന്തോഷ് കേട്ടത്ത് , ഭാര്യ അനിത എന്നിവര്‍ ദുബായിലെ മിറാക്കിള്‍ ഗാര്‍ഡന്‍, ഗ്ലോബല്‍ വില്ലേജ് എന്നിവിടങ്ങളിലെല്ലാം അഞ്ചുപേരെയും കൊണ്ടുപോയി. നാലുദിവസം യുഎഇ കാണിച്ച് തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങും. അട്ടപ്പാടി എ.പി.ജെ. അബ്ദുല്‍ കലാം ട്രൈബല്‍ സ്‌കൂളിലെ കലാ - സാംസ്‌കാരികരംഗത്ത് മികവ് പ്രകടിപ്പിക്കുന്നവര്‍ കൂടിയാണ് നിഖിലേഷ്, നിധീഷ് എന്നിവര്‍. ആദിവാസി പരമ്പരാഗത ഗോത്രകലകള്‍ ഉള്‍പ്പെടെ കളരി, ഫുട്ബോള്‍ രംഗത്തും ഇരുവരും മിടുക്ക് തെളിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ഷാര്‍ജ സ്പാര്‍ക്ക് സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഉമ്മുല്‍ഖുവൈന്‍ സംഘടിപ്പിക്കുന്ന 'സ്‌നേഹസ്പര്‍ശം' ആഘോഷത്തില്‍ ഉമാ പ്രേമനൊപ്പം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്വീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രവാസജീവിതം 50 വര്‍ഷം പൂര്‍ത്തിയാക്കിയ ജോര്‍ജ് മത്തായിയെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായാണ് ആഘോഷം.

Content Highlights: Two Attappadi tribal school students visit UAE