എഴുത്തുകാര്‍ സ്‌നേഹത്തിന്റെ സന്ദേശവാഹകര്‍ - ആലങ്കോട് ലീലാകൃഷ്ണന്‍

അബുദാബി മലയാളി സമാജത്തിന്റെ 39 - മത് സാഹിത്യപുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന് സലിം ചിറക്കല്‍ സമ്മാനിക്കുന്നു
അബുദാബി മലയാളി സമാജത്തിന്റെ 39 - മത് സാഹിത്യപുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന് സലിം ചിറക്കല്‍ സമ്മാനിക്കുന്നു

അബുദാബി: സാഹിത്യത്തിലൂടെ മനുഷ്യസ്‌നേഹമാണ് എഴുത്തുകാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് എഴുത്തുകാരനും വാഗ്മിയുമായ ആലങ്കോട് ലീലാകൃഷ്ണന്‍. അബുദാബി മലയാളി സമാജത്തിന്റെ 39 - മത് സാഹിത്യപുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെറുപ്പ്, പക, ഹിംസ എന്നിവയെ സര്‍ഗാത്മകതകൊണ്ട് സ്‌നേഹമാക്കുകയാണ് എഴുത്തുകാര്‍. ഹിംസയെ സ്‌നേഹമാക്കുന്ന ഭാഷയാണ് സാഹിത്യമെന്നും ആലങ്കോട് പറഞ്ഞു. അധികാരത്തിന്റെ മറുപുറമാണ് സാഹിത്യപ്രവര്‍ത്തനം. തോറ്റവര്‍ക്കുവേണ്ടി ഫീസില്ലാതെ വാദിക്കുന്ന അഭിഭാഷകരാണ് എഴുത്തുകാരെന്നും ആലങ്കോട് ലീലാകൃഷ്ണന്‍ വ്യക്തമാക്കി.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍ പുരസ്‌കാരം സമ്മാനിച്ചു. സമാജം ജനറല്‍ സെക്രട്ടറി ടി.വി. സുരേഷ് കുമാര്‍, വൈസ് പ്രസിഡന്റ് ടി.എം. നിസാര്‍ എന്നിവര്‍ പുരസ്‌കാര ജേതാവിനെ പൊന്നാട ചാര്‍ത്തി. സാഹിത്യ വിഭാഗം സെക്രട്ടറി മഹേഷ് എളനാട്, കോഡിനേഷന്‍ ജനറല്‍ കണ്‍വീനര്‍ സുരേഷ് പയ്യന്നൂര്‍ എന്നിവര്‍ പ്രശസ്തി പത്രം സമര്‍പ്പിച്ചു.

സമാജം കോഡിനേഷന്‍ ചെയര്‍മാന്‍ ബി. യേശുശീലന്‍, ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കല്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ജയചന്ദ്രന്‍ നായര്‍, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ടി.കെ. മനോജ്, ജനറല്‍ സെക്രട്ടറി സജീഷ് നായര്‍, സമാജം വനിത വിഭാഗം കണ്‍വീനര്‍ ലാലി സാംസണ്‍, ഖജാന്‍ജി യാസിര്‍ അറഫാത്ത്, കോഡിനേഷന്‍ വൈസ് ചെയര്‍മാന്‍ എ.എം. അന്‍സാര്‍, കലാ വിഭാഗം സെക്രട്ടറി ജാസിര്‍ എന്നിവര്‍ സംസാരിച്ചു. ആലങ്കോട് ലീലകൃഷ്ണന്റെ കവിതകളെ ആസ്പദമാക്കി കെ.വി. ബഷീര്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'നിളയോരം' നൃത്ത - സംഗീത ശില്പം വേദിയില്‍ അവതരിപ്പിച്ചു.

Content Highlights: Alankode Leelakrishnan emphasizes writers promote humanity and love through literature, receiving the Abu Dhabi Malayali Samajam Literary Award