മുഖ്യമന്ത്രിക്ക് സന്ദേശം അയച്ച് മലപ്പുറം - നെടുമ്പാശ്ശേരി കെ.എസ്.ആർ.ടി.സി ബസ് സ്വന്തമാക്കി പ്രവാസി മലയാളി

അജ്മാൻ: മുഖ്യമന്ത്രിക്ക് ഒരു ഇ-മെയിൽ അയച്ച് മലപ്പുറത്തുനിന്നും കൊച്ചി വിമാനത്താവളത്തിലേക്ക് രണ്ട് കെ.എസ്.ആർ.ടി.സി ബസ് നേടിയെടുത്തതിന്റെ സന്തോഷത്തിലാണ് അജ്മാനിൽ പ്രവാസിയായ മലപ്പുറം വേങ്ങര സ്വദേശി അബ്ദുൽ മജീദ്. യാത്രാക്ലേശം ചൂണ്ടിക്കാട്ടി ഇ-മെയിൽ അയച്ചതിന് തൊട്ടുപിന്നാലെ ഇദ്ദേഹത്തിന് മറുപടി ലഭിച്ചു. രണ്ട് മാസത്തിനകം ബസ് സർവ്വീസ് ആരംഭിക്കുന്നു എന്ന പ്രഖ്യാപനവും വന്നു. ഇപ്പോഴിതാ കാത്തിരിപ്പ് അവസാനിക്കുകയാണ്. ഈ മാസം 26 ന് ബസ് സർവീസ് ആരംഭിക്കും.
കഴിഞ്ഞ ജൂലായ് 28 നാണ് അബ്ദുൽ മജീദ് ഇ-മെയിൽ അയക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ അബ്ദുൽ മജീദിന് പലപ്പോഴായി നാട്ടിലേക്ക് പോയിവരേണ്ടി വന്നിട്ടുണ്ട്. രണ്ട് തവണ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നാണ് ദുബായിലേക്ക് വന്നത്. അപ്പോഴെല്ലാം മലപ്പുറത്തുനിന്നും നെടുമ്പാശ്ശേരിയെത്താൻ വളരെയേറെ കഷ്ടപ്പെട്ടു. മലപ്പുറത്തുനിന്നും തൃശ്ശൂരെത്തി, അവിടെനിന്നും അങ്കമാലി വന്ന് ഓട്ടോറിക്ഷ കയറിയാണ് കൃത്യസമയത്ത് വിമാനത്താവളത്തിലെത്തിയത്. ഈ യാത്രാബുദ്ധിമുട്ട് ആലോചിച്ച് വിമാനത്തിലിരുന്നാണ് മുഖ്യമന്ത്രിക്കുള്ള ഇ-മെയിൽ തയ്യാറാക്കുന്നതെന്ന് അബ്ദുൽ മജീദ് പറഞ്ഞു. ദുബായ് വിമാനത്താവളത്തിലെത്തിയപ്പോൾതന്നെ വൈഫൈ കണക്ട് ചെയ്ത് ഇ-മെയിൽ മുഖ്യമന്ത്രിക്ക് അയച്ചു.
നേരത്തെ മലപ്പുറം-നെടുമ്പാശ്ശേരി കെ.എസ്.ആർ.ടി.സി ബസ് ഉണ്ടായിരുന്നു. പിന്നീടത് എന്താണെന്നറിയില്ല നിർത്തലാക്കി. ഇപ്പോ പല ബസ്സുകൾ കയറിയിറങ്ങിയാലേ നെടുമ്പാശ്ശേരി എത്താനാവു. ഇ-മെയിൽ അയച്ച് 10 മിനിറ്റിനകം മെയിൽ റിസീവ്ഡ് മെസ്സേജ് വന്നു. രണ്ട് ദിവസത്തിനുശേഷം മുഖ്യമന്ത്രി ട്രാൻസ്‌പോർട്ട് മിനിസ്റ്റർക്ക് എന്റെ മെയിൽ ഫോർവേർഡ് ചെയ്തതായി എനിക്ക് മെസ്സേജ് വന്നു. അവർ സിസി വെച്ച് അയക്കുന്ന ഇ-മെയിലുകളെല്ലാം എനിക്ക് കൃത്യമായി ലഭിച്ചുകൊണ്ടിരുന്നു. വീണ്ടും ഒരാഴ്ചക്കുശേഷം അവർ വിഷയം വിശദമായി പഠിക്കുന്നുണ്ടെന്നും പറഞ്ഞ് സിസി വെച്ച് ഇ-മെയിൽ ലഭിച്ചു. ഇപ്പോ കൃത്യം രണ്ട് മാസമാകുന്നു. ആവശ്യപ്പെട്ട കാര്യം മുഖ്യമന്ത്രി നടപ്പാക്കിതന്നുവെന്നും അബ്ദുൽ മജീദ് പറയുന്നു. കരിപ്പൂരിനെ അപേക്ഷിച്ച് സുഖയാത്ര കൊച്ചിയിൽനിന്നായതുകൊണ്ടാണ് ഒട്ടുമിക്ക പേരും നെടുമ്പാശ്ശേരി തന്നെ തെരഞ്ഞെടുക്കുന്നത്. ടിക്കറ്റ് നിരക്കും ഒരു കാരണമാണ്. അനുവദിച്ച ബസ്സിൽ ഒരെണ്ണം എസിയുള്ളതാണ്. ദുബായിലെല്ലാം ആർ.ടി.എ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചാൽ ഉടനടി പരിഹാരം കാണാറുണ്ട്. ഇതാദ്യമായാണ് കേരളത്തിൽനിന്നും ഇത്തരത്തിലൊരു അനുഭവമെന്നും അബ്ദുൽ മജീദ് സന്തോഷം പങ്കുവെച്ചു.