ഹോട്ടലുകളിൽ ആരോഗ്യകരമായ ഭക്ഷണക്രമം നിർബന്ധമാക്കി അബുദാബി; ഒക്ടോബർ ഒന്നുമുതൽ നിയമം കർശനമാക്കും

#സ്വന്തം ലേഖിക

അബുദാബി: അബുദാബിയിലെ ഹോട്ടലുകളിലും ടൂറിസം ലൈസൻസുള്ള ഭക്ഷണശാലകളിലും ആരോഗ്യകരമായ ഭക്ഷണരീതികൾ നിർബന്ധമാക്കുന്ന പുതിയ മാനദണ്ഡങ്ങൾ ഒക്ടോബർ ഒന്നുമുതൽ പൂർണമായി നടപ്പാക്കുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അബുദാബിയും അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിന്റെ 'ഹെൽത്തി ലിവിങ്' വിഭാഗവും സംയുക്തമായാണ് ഈ പരിഷ്‌കാരം കൊണ്ടുവരുന്നത്.

കഴിഞ്ഞ ജൂലായ് ഒന്നിന് നിലവിൽവന്ന നിയമങ്ങൾ നടപ്പിലാക്കാൻ സ്ഥാപനങ്ങൾക്ക് അനുവദിച്ച മൂന്ന് മാസത്തെ സാവകാശം ഈ മാസം 30-ഓടെ അവസാനിക്കും. തുടർന്നാണ് പരിശോധനകളും നടപടികളും കർശനമാക്കുന്നത്.

മുതിർന്നവരുടെ മെനുവിൽ അപ്പറ്റൈസറുകൾ, പ്രധാന വിഭവങ്ങൾ, സൈഡ് ഡിഷുകൾ, ഡെസേർട്ടുകൾ എന്നിവയിലെല്ലാം കുറഞ്ഞത് ഒരു വിഭവമെങ്കിലും ആരോഗ്യകരമായ ഒന്നായിരിക്കണം. കുട്ടികൾക്കായുള്ള വിഭവങ്ങളിൽ കുറഞ്ഞത് 50 ശതമാനമെങ്കിലും അംഗീകൃത പോഷകാഹാര മാനദണ്ഡങ്ങൾ പാലിക്കുന്നവയായിരിക്കണം.
അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിന്റെ എസ്.ഇ.എച്ച്.എച്ച്.ഐ മാനദണ്ഡപ്രകാരമുള്ള പോഷകാഹാര ഗുണനിലവാരം ഭക്ഷണങ്ങളിൽ ഉറപ്പാക്കണം. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കുറഞ്ഞതും പോഷകമൂല്യം കൂടിയതുമായ ഭക്ഷണങ്ങളെയാണ് എസ്.ഇ.എച്ച്.എച്ച്.ഐ സ്റ്റാൻഡേർഡ് വഴി തിരിച്ചറിയുന്നത്. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി ഇത്തരം ആരോഗ്യകരമായ ഭക്ഷണങ്ങൾക്ക് അരികിൽ ഔദ്യോഗിക എസ്.ഇ.എച്ച്.എച്ച്.ഐ ലോഗോ പതിപ്പിച്ചിരിക്കണം. മേശകളിൽ സാധാരണ ഉപ്പിന് പകരം കുറഞ്ഞ സോഡിയമുള്ള ഉപ്പ് ലഭ്യമാക്കണം. ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ രോഗസാധ്യതകൾ കുറയ്ക്കാനാണ് ഈ തീരുമാനം. പഠനങ്ങൾ അനുസരിച്ച് സോഡിയം കുറഞ്ഞ ഉപ്പ് ഉപയോഗിക്കുന്നത് വഴി ഹൃദ്രോഗങ്ങൾ 13 ശതമാനവും സ്‌ട്രോക്ക് 14 ശതമാനവും കുറയ്ക്കാൻ സാധിക്കും. പ്രതിവർഷം ലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണമേകുന്ന അബുദാബിയിലെ ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയെ കൂടുതൽ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
പാലിക്കേണ്ട പ്രധാന വ്യവസ്ഥകൾ
* അധികൃതർ ആവശ്യപ്പെടുമ്പോൾ പരിശോധനയ്ക്കായി സ്ഥാപനങ്ങൾ ഭക്ഷണ മെനു സമർപ്പിക്കണം. ആവശ്യമെങ്കിൽ അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിന്റെ പരിശോധനയ്ക്കായി പാചകക്കുറിപ്പുകളും പോഷകാഹാര വിവരങ്ങളും നൽകേണ്ടിവരും.
* പുതിയ വിഭവങ്ങൾ ചേർക്കുമ്പോഴോ പഴയവ മാറ്റുമ്പോഴോ ആവശ്യമായ കുറഞ്ഞ അളവിലുള്ള എസ്.ഇ.എച്ച്.എച്ച്.ഐ
മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അംഗീകൃത ഭക്ഷണ മെനുവുകളിൽ വരുത്തുന്ന മാറ്റങ്ങൾ വീണ്ടും അപ്പ്രൂവലിനായി സമർപ്പിക്കണം.
* പ്രത്യേക ഭക്ഷണ മെനു ഇല്ലാത്ത ബുഫെ പോലുള്ള സേവന മാതൃകകൾക്ക് ഈ നിയമം നേരിട്ട് ബാധകമല്ല. എങ്കിലും ഉപഭോക്താക്കൾക്കായി ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകൾ ലഭ്യമാക്കാൻ ഇവർ ബാധ്യസ്ഥരാണ്.
* മുൻകൂട്ടി നിശ്ചയിച്ച പ്രത്യേക വിഭവങ്ങൾ മാത്രം നൽകുന്ന ടേസ്റ്റിങ് മെനുകളെയും ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
* മൂന്നിൽ താഴെ ഫുഡ് കാറ്റഗറികൾ മാത്രം നൽകുന്നതും (ഉദാഹരണത്തിന് ഹോട്ട് ഡോഗ്, ഐസ്‌ക്രീം, മിഠായി), ഇരിപ്പിടങ്ങളോ സൈൻ ബോർഡുകൾക്ക് അപ്പുറം എഴുതിയ മെനുവോ ഇല്ലാത്തതുമായ ചെറിയ ഔട്ട്ലെറ്റുകൾക്ക് ഇളവ് ലഭിക്കും. പാനീയങ്ങൾ മാത്രം വിൽക്കുന്ന സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമല്ല (ഭക്ഷണത്തിന് മാത്രമാണ് നിയമം).