പുതുവർഷാഘോഷത്തിൽ ആകാശത്തേക്ക് പറത്തിയത് ഒരുലക്ഷം ബലൂണുകളിലായി 10 കോടി വിത്തുകൾ

.
.

അബുദാബി : ശൈഖ് സായിദ് ഫെസ്റ്റിവൽ സംഘടിപ്പിച്ച പുതുവത്സരാഘോഷത്തിൽ ആകാശത്തേക്ക് പറത്തിവിട്ട ഒരു ലക്ഷം ബലൂണുകളിൽ 10 കോടി വിത്തുകൾ.

അബുദാബിയിലെ അത് വത്ബ ഫെസ്റ്റിവൽ വേദിയിൽ രാത്രി 10 മണിക്കാണ് പരിപാടിയാരംഭിച്ചത്. വെളുപ്പ്, കറുപ്പ്, ഓറഞ്ച് നിറങ്ങളിൽ തിളക്കമുള്ള ബലൂണുകളാണ് ആകാശത്തേക്ക് പറത്തിയത്. മനോഹരമായ ഈകാഴ്ച കാണാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്.

അബുദാബിയിലെ സസ്യജാലങ്ങളെ സമ്പുഷ്ടമാക്കുക ലക്ഷ്യമിട്ടാണ് ഇത്തരമൊരുപരിപാടി സംഘടിപ്പിച്ചത്.

ഓരോ ബലൂണിലും തദ്ദേശീയ വൃക്ഷങ്ങളുടെയും ഗാഫ്, സമർ, മറ്റ് മരുഭൂസസ്യങ്ങൾ എന്നിവയുടെയും 1000 വിത്തുകൾ അടങ്ങിയിരുന്നു. പരിസ്ഥിതി സൗഹൃദ ബലൂണുകൾ 100 ശതമാനം പ്രകൃതിദത്ത ലാറ്റെക്സ് ഉപയോഗിച്ചായിരുന്നു നിർമിച്ചത്. ആഘോഷങ്ങൾ പരിസ്ഥിതി സൗഹൃദമായിരിക്കണമെന്ന രാജ്യത്തിന്റെ നിർദേശത്തിനനുസരിച്ചായിരുന്നു പരിപാടി.

അബുദാബിയെ ഹരിതാഭമാക്കാൻ ഇതിനുമുൻപും ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. 2024-ൽ ഡ്രോണുകൾ ഉപയോഗിച്ച് നിരവധിയിടങ്ങളിൽ വിത്തുകൾ പാകിയിരുന്നു.

ഒരേസമയം 53 വിത്തുകൾ ഉൾക്കൊള്ളാവുന്ന സീഡിങ് ഡ്രോണുകളായിരുന്നു ഉപയോഗിച്ചത്. കര, തീരദേശ ആവാസവ്യവസ്ഥകളെ വിലയിരുത്താനും പുനഃസ്ഥാപിക്കാനുമാണ് അബുദാബി പരിസ്ഥിതി അധികൃതർ അന്താരാഷ്ട്ര പരിസ്ഥിതിസാങ്കേതിക കമ്പനിയായ ദേന്ദ്രയുമായി സഹകരിച്ച് സീഡിങ് ഡ്രോണുകൾ സാധാരണയായി ഉപയോഗിച്ചുവരുന്നത്.

ഫെബ്രുവരി 28-ന് ശൈഖ് സായിദ് ഫെസ്റ്റിവൽ സമാപിക്കും. ഇതിനകം അരലക്ഷത്തിലേറെ പേർ ഫെസ്റ്റിവൽ സന്ദർശിച്ചു.

പുതുവർഷത്തോടനുബന്ധിച്ച് വൻആഘോഷങ്ങളാണ് വേദി ഒരുക്കിയിരുന്നത്. 3000 ഡ്രോണുകൾ ഉപയോഗിച്ചുള്ള വ്യത്യസ്തമായ കലാവിരുന്നും 53 മിനിറ്റിലേറെ നീണ്ടുനിന്ന വെടിക്കെട്ടും ഉണ്ടായിരുന്നു.

Content Highlights: Abu Dhabi Festival: 10 Million Seeds Released!