എമിറേറ്റിലെ 6025 സൈനിക ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം

ദുബായ് : എമിറേറ്റിലെ 6025 സൈനിക ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രഖ്യാപിച്ച് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇതിനായി 2024-ലെ പ്രമേയം (33) പുറത്തിറക്കി.
ദുബായിലെ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ചെയർമാൻ മേജർ ജനറൽ അവദ് ഹാദർ അൽ മുഹൈരിയെ ലെഫ്റ്റനന്റ് ജനറൽ റാങ്കിലേക്കുയർത്തി.
ദുബായ് പോലീസ്, സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് എന്നിവയിലെ ഉദ്യോഗസ്ഥർക്കാണ് സ്ഥാനക്കയറ്റം.
ദുബായ് പോലീസിലെ 4219 ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും. 33 കേഡർമാരുടെ സ്ഥാനക്കയറ്റത്തോടൊപ്പമുള്ള വിരമിക്കലും 24 പേരുടെ വിരമിക്കലും പട്ടികയിലുണ്ട്. സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാർക്കുള്ള സ്ഥാനക്കയറ്റത്തിൽ 783 സൈനികരാണ് ഇടംപിടിച്ചത്. 19 പേരുടെ സ്ഥാനക്കയറ്റത്തോടൊപ്പമുള്ള വിരമിക്കലും ഒരാളുടെ വിരമിക്കലും പട്ടികയിലുണ്ട്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിലെ 548 പേരാണ് സ്ഥാനക്കയറ്റപ്പട്ടികയിൽ ഇടംപിടിച്ചത്.
അഞ്ചംഗങ്ങളുടെ സ്ഥാനക്കയറ്റത്തോടൊപ്പമുള്ള വിരമിക്കലും മൂന്നുപേരുടെ വിരമിക്കലും പട്ടികയിലുണ്ട്. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിൽ ജോലിചെയ്യുന്ന 387 സൈനികർക്ക് സ്ഥാനക്കയറ്റം നൽകും. 60 സൈനികർക്ക് സ്ഥാനക്കയറ്റത്തോടൊപ്പമുള്ള വിരമിക്കലും 28 സൈനികർക്ക് വിരമിക്കലുമുണ്ട്.
ശൈഖ് മുഹമ്മദിന്റെ തുടർച്ചയായ പിന്തുണയുടെ ഫലമാണ് ശ്രദ്ധേയമായ മാറ്റങ്ങളെന്ന് ദുബായ് പോലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യുട്ടി ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീം വ്യക്തമാക്കി.
Content Highlights: Promotion of Military Officers