യൻബു ഇൻഡസ്ട്രിയൽ സിറ്റിയിൽ ആദ്യമായി പുസ്തകമേള; 40-ലധികം പ്രസാധകർ പങ്കെടുക്കും

യൻബു: സൗദി അറേബ്യയിലെ യാമ്പു ഇൻഡസ്ട്രിയൽ സിറ്റിയിൽ ആദ്യമായി റോയൽ കമ്മീഷന്റെ ആഭിമുഖ്യത്തിൽ പുസ്തകമേള സംഘടിപ്പിക്കുന്നു. 2026 നവംബർ 26 മുതൽ ഡിസംബർ 5 വരെ നടക്കുന്ന മേളയിൽ 40-ലധികം പ്രസാധക സ്ഥാപനങ്ങളും വിവിധ അനുബന്ധ സ്ഥാപനങ്ങളും പങ്കെടുക്കും.
അൽനവാ ഡിസ്ട്രിക്ടിലെ റോയൽ കമ്മീഷന്റെ പഴയ കെട്ടിടത്തിലാണ് പുസ്തകമേളയ്ക്ക് വേദിയൊരുക്കുന്നത്. സാംസ്കാരികവും വൈജ്ഞാനികവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, വായനയും പഠനവും പരിപോഷിപ്പിക്കുക, ഗവർണറേറ്റിലെ സാംസ്കാരിക രംഗം സമ്പന്നമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മേള സംഘടിപ്പിക്കുന്നത്.
പുസ്തക പ്രസാധകരെയും വായനക്കാരെയും വിജ്ഞാനതൽപരരെയും ഒരേ വേദിയിൽ എത്തിക്കുന്നതിനൊപ്പം വിവിധ മേഖലകളിലെ പുതിയ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും പരിചയപ്പെടാനുള്ള അവസരവും മേളയിലുണ്ടാകും. പത്ത് ദിവസം നീണ്ടുനിൽക്കുന്ന പുസ്തകമേളയുടെ ഭാഗമായി വൈവിധ്യമാർന്ന സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
സർഗാത്മകതയും പഠനവും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം ഒരുക്കുന്നതിനും യൻബു ഇൻഡസ്ട്രിയൽ സിറ്റിയിലെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതിനുമുള്ള റോയൽ കമ്മീഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുസ്തകമേള.
സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി സാംസ്കാരികവും സാമൂഹികവുമായ ജീവിതം കൂടുതൽ സമ്പന്നമാക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗം കൂടിയാണ് ഈ പുസ്തകമേള.