സൗദിയിൽ പിടിയിലായ വയനാട് സ്വദേശിനിയെ വിട്ടയച്ചു

റിയാദ്: നിരോധിത മരുന്ന് കൈവശം വെച്ച കേസിൽ സൗദി അറേബ്യയിൽ പിടിയിലായ വയനാട് അയ്യൻകൊല്ലി സ്വദേശിനി ഫിലോമിനയെ വിട്ടയച്ചു. സൗദിയിൽ നിരോധിച്ച മരുന്നുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ടാണ് ഇവരെ നേരത്തെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും ഇടപെടൽ നടത്തിയിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ഫിലോമിന. വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിനാണ് ഫിലോമിന ബംഗളൂരുവിൽനിന്ന് വിമാനമാർഗം ജിദ്ദയിലെത്തിയത്. തുടർന്ന് കണക്ഷൻ വിമാനത്തിൽ റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി.
ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയശേഷം രാത്രി എട്ടരയോടെ പിതാവ് രവിക്കും ഭർത്താവ് ജോണിനും ഫിലോമിന ശബ്ദസന്ദേശം അയച്ചിരുന്നു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവെച്ചതായും ലഗേജ് കൊണ്ടുപോയതായും ഫോൺ ആവശ്യപ്പെട്ടതായും സന്ദേശത്തിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഫിലോമിനയുമായി ബന്ധപ്പെടാൻ കഴിയാതായതോടെ കുടുംബം കടുത്ത ആശങ്കയിലായി. തുടർന്ന് കുടുംബാംഗങ്ങളും സാമൂഹിക പ്രവർത്തകരും നടത്തിയ അന്വേഷണത്തിലാണ് ഫിലോമിന സൗദി പോലീസിന്റെ കസ്റ്റഡിയിലാണെന്ന വിവരം സ്ഥിരീകരിച്ചത്.
Content Highlights: nurse from Wayanad working in Riyadh, was detained at Jeddah airport over banned medicines., She was released following active intervention by the Indian Embassy and Consulate