അപരനിലൂടെ നമ്മെ കണ്ടെത്താം, വായന വിമോചനത്തിന്റെ ആയുധം- ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

ജിദ്ദ: മറ്റുള്ളവരിലൂടെയാണ് നാം സ്വയം തിരിച്ചറിയുന്നതെന്നും, ആ തിരിച്ചറിവിലേക്കുള്ള ഏറ്റവും വലിയ ഉപാധി പുസ്തകങ്ങളാണെന്നും പ്രമുഖ എഴുത്തുകാരനും പത്രപ്രവർത്തകനുമായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞു. ജിദ്ദ കേരള പൗരാവലിയുടെ സാംസ്‌കാരിക വിഭാഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വയം അന്വേഷിക്കുന്ന ഒരു മനുഷ്യൻ എല്ലാവരിലും ഒളിഞ്ഞിരിക്കുന്നുണ്ട്. നമ്മെ ചിന്തിപ്പിക്കുകയും ആ അന്വേഷണത്തിന് കരുത്തേകുകയും ചെയ്യുന്ന വലിയ ആയുധം വായനയാണ്. പ്രവാസം എന്ന വാക്കിനെ അഭിമാനത്തോടെയാണ് താൻ കാണുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
നമ്മിലെ സ്വാതന്ത്ര്യബോധത്തെ ജ്വലിപ്പിക്കുന്ന ഒന്നാണ് പ്രവാസം. ഗാന്ധിജി പോലും ഒരു പ്രവാസിയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ അദ്ദേഹത്തിന്റെ പ്രവാസ ജീവിതമാണ് സ്വാതന്ത്ര്യത്തിന്റെ മഹത്വം തിരിച്ചറിയാൻ ലോകത്തെ സഹായിച്ചത്.
സമൂഹത്തിന് നന്മകൾ തിരിച്ചുനൽകുക എന്നത് ഓരോരുത്തരുടെയും ബാധ്യതയാണ്. മികച്ച സാഹിത്യം മനസ്സിന്റെ ഭൂപടം വിശാലമാക്കുന്നു. മനുഷ്യൻ സ്വന്തം സങ്കല്പത്തിലൂടെ ശത്രുക്കളെയും മിത്രങ്ങളെയും സൃഷ്ടിക്കുകയാണ്. പലപ്പോഴും തൊട്ടടുത്തിരിക്കുന്ന അപരിചിതനാകാം നമ്മുടെ രക്ഷകൻ. അതിനാൽ വെറുപ്പിനെ അകറ്റിനിർത്തണമെന്നും, സ്‌നേഹിക്കുമ്പോഴാണ് നാം സുന്ദരികളും സുന്ദരന്മാരുമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷറഫിയ അബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സാംസ്‌കാരിക വിഭാഗം കൺവീനർ ഉണ്ണി തെക്കേടത്ത് അധ്യക്ഷത വഹിച്ചു. അബീർ മാർക്കറ്റിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് ഇമ്രാൻ ആശംസ നേർന്നു. ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി കൾച്ചറൽ വിംഗിനെ പരിചയപ്പെടുത്തി. സദസ്യരുടെ ചോദ്യങ്ങൾക്ക് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മറുപടി പറഞ്ഞു. സൗദ കാന്തപുരം രചിച്ച മഴമേഘങ്ങളെ പ്രണയിക്കുന്നവൾ എന്ന പുസ്തകം ശിഹാബുദ്ദീന് കൈമാറി. തുടർന്ന് ജിദ്ദ കേരള പൗരാവലി ഭാരവാഹികൾ അദ്ദേഹത്തിന് മെമെന്റോ നൽകി ആദരിച്ചു. സാംസ്‌കാരിക വിഭാഗം ചീഫ് കോഡിനേറ്റർ സഹീർ വലപ്പാട് സ്വാഗതവും റെമി ഹരീഷ് നന്ദിയും പറഞ്ഞു.
Content Highlights: Renowned writer Shihabudheen Poythumkadavu emphasizes books as key to self-discovery and a powerful tool for critical thinking, especially for expatriates.