സ്‌കൂൾ കാന്റീനുകളിൽ 30 ഭക്ഷ്യവസ്തുക്കൾക്ക് സൗദിയിൽ നിരോധനം; ചിപ്‌സും തണുത്ത ചായയും പട്ടികയിൽ

#ജാഫറലി പാലക്കോട്

ജിദ്ദ: വിദ്യാർത്ഥികൾക്ക് ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിലെ വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂൾ കാന്റീനുകളിൽ 30 ഭക്ഷണ-പാനീയങ്ങളുടെ വിൽപനയും വിപണനവും നിരോധിച്ചു. സംസ്‌കരിച്ച മാംസം, ചിപ്‌സ്, തണുത്ത ചായ, ശീതളപാനീയങ്ങൾ എന്നിവയും നിരോധിച്ചവയിൽ ഉൾപ്പെടുന്നു.

ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും വിദ്യാലയങ്ങളിൽ സമീകൃത ഭക്ഷണരീതി ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് നിയന്ത്രണങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കി. ഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നടപടികൾ ലക്ഷ്യമിടുന്നു.

ശീതളപാനീയങ്ങൾ, എനർജി, സ്‌പോർട്‌സ് ഡ്രിങ്കുകൾ, തണുത്ത ചായ, കൃത്രിമ നിറങ്ങൾ അടങ്ങിയ ജ്യൂസുകൾ, മോർട്ടഡെല്ല, ഐസ്‌ക്രീം, ചോക്ലേറ്റ് പൊതിഞ്ഞ ബിസ്‌കറ്റുകൾ, നിലക്കടല, ഫ്‌ലേവർഡ്, ചോക്ലേറ്റ് പാൽ, ക്രോസാന്റ്, ചിപ്‌സ്, മിഠായികൾ എന്നിവ നിരോധിച്ച പട്ടികയിലുണ്ട്.

ബ്രെഡ്ക്രംബ് പൊതിഞ്ഞ മാംസം, കോഴിയിറച്ചി, മത്സ്യ ഉൽപ്പന്നങ്ങൾക്കും നിരോധനമുണ്ട്. കസ്റ്റാർഡ്, ചോക്ലേറ്റ്, ടോഫി, വാനില ഫില്ലിംഗ് എന്നിവ അടങ്ങിയ സാൻഡ്വിച്ചുകൾ, ച്യൂയിങ്ഗം, മയോണൈസ്, അച്ചാറുകൾ എന്നിവയും വിൽക്കാൻ പാടില്ല.

സ്‌കൂളുകളിൽ വിൽക്കുന്ന ഭക്ഷണം തയ്യാറാക്കുന്നതും പാക്ക് ചെയ്യുന്നതും ഗതാഗതം നടത്തുന്നതും സൂക്ഷിക്കുന്നതും സംബന്ധിച്ചും മന്ത്രാലയം കർശന നിബന്ധനകൾ ഏർപ്പെടുത്തി.

വിദ്യാർത്ഥികൾക്ക് വിൽക്കാനായി തയ്യാറാക്കുന്ന ഭക്ഷണം വിൽപ്പന നടത്തുന്ന അതേ ദിവസം തന്നെ തയ്യാറാക്കിയതായിരിക്കണം. ശീതീകരിച്ച് സൂക്ഷിക്കുന്ന ഉൽപ്പന്നങ്ങൾക്ക് പാക്കേജിങ്, ഗതാഗതം, സംഭരണം എന്നിവയിൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കണം. ഉണങ്ങിയ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾക്കും പ്രത്യേക സുരക്ഷാ, ഗുണനിലവാര മാനദണ്ഡങ്ങൾ ബാധകമാണ്.

സ്‌കൂളുകളിൽ ഭക്ഷണ വിതരണം നടത്തുന്ന സ്ഥാപനങ്ങൾക്ക് ആവശ്യമായ ലൈസൻസ്, വാണിജ്യ രജിസ്‌ട്രേഷൻ, സകാത്ത്-ഇൻകം സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള നിയമപരമായ രേഖകൾ നിർബന്ധമാണ്.

പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ളതോ വിദ്യാർത്ഥികൾ സ്ഥിരമായി കഴിക്കാൻ അനുയോജ്യമല്ലാത്തതോ ആയ ഭക്ഷണങ്ങളുടെ ലഭ്യത കുറച്ച് കൂടുതൽ ആരോഗ്യകരമായ സ്‌കൂൾ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികൾ.

Content Highlights: Saudi Ministry of Education bans 30 food and drink items in school canteens., Prohibited items include processed meats, chips, energy drinks, and sodas., Aims to promote healthy eating habits and balanced diets among students., Strict hygiene, preparation, and licensing regulations introduced for food suppliers.