ഗതാഗത സുരക്ഷ ശക്തിപ്പെടുത്താൻ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു

#ജാഫറലി പാലക്കോട്

മിന: റോഡ് ഉപയോക്താക്കളുടെ ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനായി സൗദി റോഡ്‌സ് ജനറൽ അതോറിറ്റി ബോധവത്കരണ ക്യാമ്പെയ്ൻ ആരംഭിച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ബോധവത്കരണം ശക്തിപ്പെടുത്തുക, ഹജ്ജ് തീർഥാടകരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുക, സൗദി വിഷൻ 2030 ലക്ഷ്യങ്ങൾ പിന്തുണയ്ക്കുക എന്നിവയുടെ ഭാഗമായാണ് നടപടി.
സുരക്ഷിത ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുക, റോഡ് അപകടങ്ങൾ കുറയ്ക്കുക, ഹജ്ജ് കർമങ്ങൾ നടക്കുന്ന വിശുദ്ധ കേന്ദ്രങ്ങളിലേക്കുള്ള റോഡുകളിലെ ഗതാഗതം സുഗമമാക്കുക എന്നിവയാണ് ക്യാമ്പെയ്‌നിന്റെ പ്രധാന ലക്ഷ്യങ്ങൾ.
തീർഥാടകർക്കായി സുരക്ഷിതവും സൗകര്യപ്രദവുമായി യാത്രാ അന്തരീക്ഷം ഒരുക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. പ്രത്യേകിച്ച് റിയാദ്-തായിഫ് റോഡ്, മക്കയേയും തായിഫിനെയും ബന്ധിപ്പിക്കുന്ന അൽ സൈൽ അൽ കബീർ റോഡ്, മദീനയേയും മക്കയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഹിജ്റ റോഡ് എന്നിവിടങ്ങളിലാണ് ക്യാമ്പെയ്ൻ കൂടുതൽ കേന്ദ്രീകരിക്കുന്നത്.