‘ആദർശവീഥിയിലെ പെൺകരുത്ത്': MGM സൗദി ദേശീയ മെമ്പർഷിപ്പ് ക്യാമ്പയിന് ദമ്മാമിൽ തുടക്കം

ദമ്മാം: കെ എൻ എം മർക്കസുദ്ദഅ്വക്കു കീഴിൽ പ്രവർത്തിക്കുന്ന സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്ററിൻ്റെ വനിതാ വിഭാഗമായ എംജിഎമ്മിൻ്റെ സൗദി ദേശീയതല മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് ദമ്മാമിൽ തുടക്കമായി. ‘ആദർശവീഥിയിലെ പെൺകരുത്ത്’ എന്ന പ്രമേയത്തിലാണ് എം ജി എം സൗദി ഒക്ടോബർ 15 മുതൽ നവംബർ 15 വരെ സൗദിക്കകത്ത് മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
കേവലം വ്യക്തിഗത വളർച്ചയ്ക്കപ്പുറം കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയിൽ നിർണായക പങ്കുവഹിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്നതാണ് ഈ പ്രമേയത്തിന്റെ കാതൽ. ഇസ്ലാമിക ആദർശങ്ങളിലും മൂല്യങ്ങളിലും അടിയുറച്ചുനിന്ന് വിജ്ഞാനവും ബോധ്യവും സാമൂഹിക ഉത്തരവാദിത്വവും കൈമുതലാക്കി മുന്നേറുന്ന സ്ത്രീസമൂഹത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ മുന്നോട്ടുപോകുന്നത്. സൗദിയുടെ വിവിധ പ്രവിശ്യകളിലും ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട്.
എം ജി എം ദമ്മാം ചാപ്റ്റർ പ്രസിഡന്റ് സൈനബ ടീച്ചർ, മൈസയ്ക്ക് മെമ്പർഷിപ്പ് നൽകി സൗദിതല ദേശീയക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിൻ പ്രമേയം വിശദീകരിച്ചുകൊണ്ട് ഇഖ്ബാൽ സുല്ലമി സംസാരിച്ചു. ഷാഹിദ ടീച്ചർ, നിലൂഫർ അൻസാർ, സഫൂറ നൗഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Content Highlights: saudi news