വിശുദ്ധ പള്ളികളിലേക്ക് പോകുന്ന വിശ്വാസികളെ ലക്ഷ്യമിടുന്നത് ഏറ്റവും വലിയ കുറ്റകൃത്യം: സൗദി ഗ്രാൻഡ് മുഫ്തി

#ജാഫറലി പാലക്കോട്

റിയാദ്: വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാമിലേക്കും മദീനയിലെ മസ്ജിദുന്നബവിയിലേക്കും പോകുന്ന വിശ്വാസികളെ ലക്ഷ്യമിട്ട് ഹൂതി വിമതർ നടത്തുന്ന ആക്രമണം അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്ന് സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തിയും മുതിർന്ന പണ്ഡിതസഭാ അധ്യക്ഷനും മതകാര്യ ഗവേഷണ-ഫത്‌വാ വിഭാഗം മേധാവിയുമായ ശൈഖ് സ്വാലിഹ് അൽ ഫൗസാൻ പറഞ്ഞു.

സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിടുകയും വിശ്വാസികളുൾപ്പെടെയുള്ള നിരപരാധികളെ കൊലപ്പെടുത്തുകയും ചെയ്യുന്ന ഭീകര ഹൂതി മിലീഷ്യയുടെ നടപടികൾ ഏറ്റവും വലിയ കുറ്റകൃത്യങ്ങളിൽപ്പെടുന്നതാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾക്ക് അല്ലാഹു കഠിനമായ ശിക്ഷയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

വിശുദ്ധ കേന്ദ്രങ്ങളെയും അല്ലാഹുവിന്റെ ഭവനമായ കഅ്ബയിലേക്ക് പോകുന്ന വിശ്വാസികളെയും ലക്ഷ്യമിട്ട ഈ കുറ്റവാളി സംഘത്തിന്റെ പാത ചരിത്രത്തിൽ പിന്തുടർന്നവർക്കൊന്നും നാശത്തിൽനിന്നും ഗുരുതരമായ പ്രത്യാഘാതങ്ങളിൽനിന്നും രക്ഷപ്പെടാനായിട്ടില്ലെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു. ഈ കുറ്റവാളികൾക്ക് അന്ത്യം വരുത്താനും സൗദി അറേബ്യയെയും മറ്റു മുസ്‌ലിം രാജ്യങ്ങളെയും സംരക്ഷിക്കാനും സർവശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: saudi news