‘പരിഭ്രാന്തരാകരുത്’, ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്ന് ഇന്ത്യൻ അംബാസഡർ വിപുൽ

റിയാദ്: സൗദി അറേബ്യയിലെ നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യൻ സമൂഹം പരിഭ്രാന്തരാകാതെ ഔദ്യോഗിക വിവരങ്ങളും നിർദേശങ്ങളും മാത്രം പിന്തുടരണമെന്ന് ഇന്ത്യൻ അംബാസഡർ വിപുൽ അഭ്യർഥിച്ചു. റിയാദിലെ ഇന്ത്യൻ എംബസി കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത കമ്മ്യൂണിറ്റി നേതാക്കളുടെയും വോളന്റിയർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കമ്മ്യൂണിറ്റി പ്രതിനിധികളും വോളന്റിയർമാരും നേരിട്ടും ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു.
നിലവിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും എല്ലാവരും സുരക്ഷയ്ക്ക് പ്രാധാന്യം നൽകി അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അംബാസഡർ പറഞ്ഞു. സ്ഥിരീകരിക്കാത്ത വാർത്തകളും അഭ്യൂഹങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുത്. എംബസിയും സൗദി അധികൃതരും നൽകുന്ന ഔദ്യോഗിക അറിയിപ്പുകൾ മാത്രം ആശ്രയിക്കണമെന്നും അനാവശ്യ ആശങ്ക സൃഷ്ടിക്കുന്ന സന്ദേശങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ആവശ്യങ്ങളും മുൻനിർത്തി സൗദി ഭരണകൂടവുമായി സഹകരിച്ചാണ് എംബസി പ്രവർത്തിക്കുന്നതെന്ന് അംബാസഡർ വ്യക്തമാക്കി. സഹായവും മാർഗനിർദേശവും ലഭ്യമാക്കുന്നതിനായി റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും ഹെൽപ് ഡെസ്കുകളും ആരംഭിച്ചിട്ടുണ്ട്. ടോൾ ഫ്രീ നമ്പറുകൾ, ടെലിഫോൺ, വാട്ട്സ്ആപ്പ് എന്നിവയിലൂടെ സഹായത്തിനായി ബന്ധപ്പെടാം.
കൺട്രോൾ റൂമുകളിലേക്ക് ലഭിക്കുന്ന കോളുകൾ സ്വീകരിക്കുക, വിളിക്കുന്നവരുടെ വിവരങ്ങളും ആവശ്യങ്ങളും കൃത്യമായി രേഖപ്പെടുത്തുക, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളിൽ വോളന്റിയർമാർ സഹകരിക്കും. ഇന്ത്യൻ സമൂഹത്തിന് ഔദ്യോഗിക വിവരങ്ങൾ എത്തിക്കുന്നതിലും ആവശ്യമായ സഹായങ്ങൾ ഏകോപിപ്പിക്കുന്നതിലും കമ്മ്യൂണിറ്റി നേതാക്കളുടെയും വോളന്റിയർമാരുടെയും പങ്കാളിത്തം യോഗത്തിൽ ചർച്ച ചെയ്തു. എംബസിയുടെയും കോൺസുലേറ്റിന്റെയും പ്രവർത്തനങ്ങൾക്ക് പൂർണ സഹകരണം നൽകുമെന്ന് കമ്മ്യൂണിറ്റി പ്രതിനിധികൾ അറിയിച്ചു.
അംബാസഡർ വിപുലിനൊപ്പം ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ബഷീർ അഹമ്മദ്, കമ്മ്യൂണിറ്റി വെൽഫെയർ കൗൺസിലർ വൈ. സാബിർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
റിയാദിലെ ഇന്ത്യൻ എംബസിയുടെ 24 മണിക്കൂർ ഹെൽപ്ലൈനിലേക്ക് ടോൾ ഫ്രീ നമ്പറായ 800 247 1234, ടെലിഫോൺ നമ്പറുകളായ +966 55 441 2016, +966 54 212 6784, വാട്ട്സ്ആപ്പ് നമ്പറായ +966 53 621 6082 എന്നിവയിൽ ബന്ധപ്പെടാം.
ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ 24 മണിക്കൂർ ഹെൽപ്ലൈനിലേക്ക് ടോൾ ഫ്രീ നമ്പറായ 800 244 0003, ലാൻഡ്ലൈൻ നമ്പറായ +966 12 261 4093, മൊബൈൽ നമ്പറായ +966 55 612 2301, വാട്ട്സ്ആപ്പ് നമ്പറായ +966 53 620 9704 എന്നിവയിൽ ബന്ധപ്പെടാം.
Content Highlights: saudi news