ഹൂതികളും ലോകവും: അപലപിക്കുന്നതിൽ യോജിപ്പ്, ഭീകരസംഘടനാ പദവിയിൽ ഭിന്നത

ജിദ്ദ: ഹൂതി ആക്രമണങ്ങൾ അന്താരാഷ്ട്രതലത്തിൽ വിവാദമാകുന്നു. ഹൂതികൾ ഭീകരസംഘടനയാണോ? ദീർഘകാലമായി ഭീകരാക്രമണങ്ങൾ നടത്തുകയും സാധാരണക്കാർ, നിർണായക അടിസ്ഥാനസൗകര്യങ്ങൾ, അന്താരാഷ്ട്ര കപ്പൽഗതാഗത പാതകൾ എന്നിവയെ ആവർത്തിച്ച് ലക്ഷ്യമിടുകയും ചെയ്തിട്ടും, ലോകത്തെ നിരവധി രാജ്യങ്ങളുടെ ഔദ്യോഗിക ഭീകരസംഘടനാ പട്ടികകളിൽനിന്ന് ഹൂതി സംഘടന ഇപ്പോഴും പുറത്താണ്.
ഹൂതികൾ യുദ്ധക്കുറ്റങ്ങൾ നടത്തുന്നു, മേഖലയുടെ സ്ഥിരത തകർക്കുന്നു, ആഗോള വ്യാപാരസുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്നു, സമാധാനശ്രമങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ വിവിധ സർക്കാരുകളും അന്താരാഷ്ട്ര സംഘടനകളും ഉന്നയിക്കുന്നുണ്ട്. എന്നാൽ, ഹൂതികളെ ഭീകരസംഘടനയായി പ്രഖ്യാപിച്ച രാജ്യങ്ങളും യമന്റെ ചില പ്രദേശങ്ങളിൽ ബലപ്രയോഗത്തിലൂടെ സ്വാധീനം നിലനിർത്തുന്ന യഥാർഥ അധികാരകേന്ദ്രമായി അവരുമായി ഇടപെടുന്ന രാജ്യങ്ങളും എന്ന നിലയിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാടിൽ ഇപ്പോഴും ഭിന്നത തുടരുകയാണ്.
ഹൂതികളെ ഭീകരസംഘടനാ പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങൾ
അക്രമപ്രവർത്തനങ്ങൾക്കും അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്കും ഉത്തരവാദികളായ ഭീകരസംഘടനയായി ഹൂതികളെ കാണുന്ന നിരവധി രാജ്യങ്ങൾ അവരെ തങ്ങളുടെ ദേശീയ ഭീകരസംഘടനാ പട്ടികകളിൽ ഉൾപ്പെടുത്തുകയും കർശനമായ നിയമ-സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
സൗദി അറേബ്യ, അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട യമൻ സർക്കാർ, യു.എ.ഇ. എന്നിവയാണ് ഈ നിലപാടിൽ മുൻനിരയിലുള്ളത്. ഹൂതികൾ തങ്ങളുടെ ദേശീയ സുരക്ഷയ്ക്കും മേഖലയുടെ സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നാണ് ഈ രാജ്യങ്ങളുടെ വിലയിരുത്തൽ.
ചെങ്കടലിലും ഏദൻ ഉൾക്കടലിലും വാണിജ്യ-സൈനിക കപ്പലുകൾക്കുനേരെ നടത്തിയ ആക്രമണങ്ങളും അതുവഴി അന്താരാഷ്ട്ര കപ്പൽഗതാഗതത്തിനും ആഗോള ഊർജസുരക്ഷയ്ക്കും ഉണ്ടായ തടസ്സങ്ങളും ചൂണ്ടിക്കാട്ടി അമേരിക്കയും ഹൂതികളെ വിദേശ ഭീകരസംഘടനയായി വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, മലേഷ്യ, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങളും സമാനമായ നടപടികൾ സ്വീകരിച്ചവരുടെ പട്ടികയിലുണ്ട്. യമന്റെ അതിർത്തികൾക്കപ്പുറത്തേക്കും വ്യാപിക്കുന്ന ഹൂതികളുടെ സൈനിക പ്രവർത്തനങ്ങളെക്കുറിച്ച് അന്താരാഷ്ട്രതലത്തിൽ ആശങ്ക വർധിക്കുന്നതിന്റെ സൂചനയായാണ് ഈ നടപടികൾ വിലയിരുത്തപ്പെടുന്നത്.
ഇറാന്റെ പിന്തുണയും ചൈന-റഷ്യ സഹകരണവും
ഇതിനു വിപരീതമായി, മേഖലയിൽ തങ്ങളുടെ പ്രധാന സഖ്യകക്ഷിയായി ഹൂതികളെ കാണുന്ന ഇറാന്റെ രാഷ്ട്രീയ-സൈനിക പിന്തുണ സംഘടനയ്ക്ക് ലഭിക്കുന്നുണ്ട്. മേഖലയിൽ ഇറാൻ പിന്തുണയ്ക്കുന്ന സഖ്യശൃംഖലയുടെ ഭാഗമായാണ് ഹൂതികളെ ഇറാൻ പരിഗണിക്കുന്നത്.
ഈ പിന്തുണ ഹൂതികളുടെ സൈനികശേഷി വർധിപ്പിക്കുന്നതിനും യെമൻ സംഘർഷം ദീർഘിപ്പിക്കുന്നതിനും മേഖലാതലത്തിലുള്ള ഭീഷണികൾ വ്യാപിപ്പിക്കുന്നതിനും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
അതേസമയം, റഷ്യയും ചൈനയും ഹൂതികളെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. അധികാരശക്തികളുടെ സന്തുലിതാവസ്ഥയ്ക്കും തങ്ങളുടെ തന്ത്രപരമായ താൽപര്യങ്ങൾക്കും പ്രാധാന്യം നൽകുന്ന രാഷ്ട്രീയ-ഭൗമരാഷ്ട്രീയ കാഴ്ചപ്പാടിലൂടെയാണ് ഈ രാജ്യങ്ങൾ യമൻ പ്രതിസന്ധിയെ സമീപിക്കുന്നത്. ഹൂതികളുമായുള്ള ആശയവിനിമയ മാർഗങ്ങളും അവർ നിലനിർത്തുന്നുണ്ട്.
ഇതിനിടെ, യമൻ പ്രതിസന്ധിയിൽ മധ്യസ്ഥന്റെ പങ്ക് വഹിക്കാനാണ് ഒമാൻ ശ്രമിക്കുന്നത്. സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന മധ്യസ്ഥശ്രമങ്ങളുടെയും ചർച്ചകളുടെയും ഭാഗമായി ഒമാൻ ഹൂതി പ്രതിനിധി സംഘങ്ങൾക്ക് ആതിഥേയത്വം നൽകുന്നു.
അന്താരാഷ്ട്ര ഉപരോധങ്ങളും ആവർത്തിച്ചുള്ള അപലപിക്കലുകളും
യൂറോപ്യൻ യൂണിയനും ഐക്യരാഷ്ട്രസഭയും ഹൂതികളെ ഭീകരസംഘടനയായി പട്ടികപ്പെടുത്തിയിട്ടില്ലെങ്കിലും, സംഘടനയിലെ നിരവധി നേതാക്കൾക്കെതിരെ ഇരുസ്ഥാപനങ്ങളും ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്വത്തുക്കൾ മരവിപ്പിക്കൽ, യാത്രാവിലക്കുകൾ, ആയുധ ഉപരോധം തുടങ്ങിയ നടപടികൾ ഇതിൽ ഉൾപ്പെടുന്നു. വാണിജ്യ കപ്പലുകൾക്കും അന്താരാഷ്ട്ര കപ്പൽഗതാഗത പാതകൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ആഗോള സമുദ്രസുരക്ഷയ്ക്ക് ഭീഷണിയായും മേഖലയിൽ അസ്ഥിരത വർധിപ്പിക്കുന്ന നടപടികളായും അന്താരാഷ്ട്രതലത്തിൽ ആവർത്തിച്ച് അപലപിച്ചിട്ടുണ്ട്.
സങ്കീർണമായ രാഷ്ട്രീയ സമവാക്യം സൃഷ്ടിക്കുന്ന ഭീകരസംഘടന
ഹൂതികളെക്കുറിച്ചുള്ള അന്താരാഷ്ട്ര ഭിന്നത തുടരുന്ന രാഷ്ട്രീയ-സുരക്ഷാ പ്രതിസന്ധിയെയാണ് പ്രതിഫലിപ്പിക്കുന്നത്. യമനിലെ ഭരണസംവിധാനങ്ങളെ തകർക്കുകയും മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുകയും ചെയ്യുന്ന സായുധ സംഘടനയായാണ് ചില രാജ്യങ്ങൾ ഹൂതികളെ കാണുന്നത്.
അതേസമയം, യമനിൽ യഥാർഥ അധികാരവും സ്വാധീനവും നിലനിർത്തുന്ന ശക്തിയെന്ന നിലയിൽ, ഭാവിയിൽ ഒരു രാഷ്ട്രീയ ഒത്തുതീർപ്പിലെത്താനുള്ള ശ്രമങ്ങളിൽ അവരെ അവഗണിക്കാനാവില്ലെന്ന സമീപനമാണ് മറ്റു ചില രാജ്യങ്ങൾ സ്വീകരിക്കുന്നത്.
ഭീകരസംഘടനയെന്ന ഔദ്യോഗിക പദവിയെക്കുറിച്ച് രാജ്യങ്ങൾക്കിടയിൽ ഭിന്നത തുടരുമ്പോഴും, ഹൂതികളുടെ ആക്രമണങ്ങളും അവ സൃഷ്ടിക്കുന്ന പ്രാദേശിക-അന്താരാഷ്ട്ര സുരക്ഷാഭീഷണികളും ആഗോളതലത്തിൽ വലിയ ആശങ്കയായി തുടരുകയാണ്.
Content Highlights: saudi news