റിയാദിനും ഖമീസ് മുഷൈത്തിനും നേരെ വന്ന മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തകർത്തു

#ജാഫറലി പാലക്കോട്
മേജർ ജനറൽ തുർക്കി അൽ മാലികി
മേജർ ജനറൽ തുർക്കി അൽ മാലികി

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് നേരെ ഹൂതി വിമതർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ പ്രതിരോധസേന തടഞ്ഞ് തകർത്തതായി യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. ഖമീസ് മുഷൈത്തിന് നേരെ ഹൂതി വിമതർ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും തടഞ്ഞ് തകർത്തതായി അദ്ദേഹം വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് റിയാദിലും ഖമീസ് മുഷൈത്ത് ഗവർണറേറ്റിലും ദേശീയ മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം വഴി സിവിൽ ഡിഫൻസ് നേരത്തേ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ അധികൃതർ, സുരക്ഷ ഉറപ്പാക്കാൻ ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടു.
തുറസ്സായ സ്ഥലങ്ങളിൽ നിന്നും ചില്ലുകൾക്ക് സമീപത്തുനിന്നും മാറിനിൽക്കണമെന്ന് സിവിൽ ഡിഫൻസ് പൗരന്മാരോടും പ്രവാസികളോടും നിർദേശിച്ചു. മുന്നറിയിപ്പ് നിലനിൽക്കുന്ന സമയത്ത് ബാൽക്കണികളിലും കെട്ടിടങ്ങളുടെ മേൽക്കൂരകളിലും നിൽക്കരുതെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Content Highlights: saudi news