റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: കൊല്ലപ്പെട്ടവരിൽ രണ്ട് കുട്ടികളുടെ പിതാവായ ജോർദാൻ സ്വദേശിയും

#ജാഫറലി പാലക്കോട്

റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശനിയാഴ്ചയുണ്ടായ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ട് കുട്ടികളുടെ പിതാവായ 33-കാരനായ ജോർദാൻ സ്വദേശിയും. കുടുംബത്തെ പോറ്റുന്നതിനായി സൗദിയിൽ ജോലി ചെയ്തിരുന്ന മഹ്മൂദ് ഹുസൈൻ അൽ ബർഖാവിയാണ് മരിച്ചത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ അൽ ബർഖാവി രണ്ട് വർഷത്തോളമായി സൗദി അറേബ്യയിൽ താമസിച്ചുവരികയായിരുന്നു. മെച്ചപ്പെട്ട തൊഴിൽസാധ്യതകളും കുടുംബത്തിന് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും തേടിയാണ് അദ്ദേഹം സൗദിയിലെത്തിയത്. രാജ്യത്തെ ഒരു കഫേയിൽ ജോലി ചെയ്തുവരികയായിരുന്നു.

മഹ്മൂദിന്റെ മരണവാർത്ത കുടുംബത്തെ തളർത്തി. സൗദിയിലുള്ള സുഹൃത്തുക്കളിൽനിന്ന് രാത്രി വൈകിയാണ് ദുരന്തവിവരം ആദ്യം അറിഞ്ഞതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. പിന്നീട് ജോർദാൻ വിദേശകാര്യ, പ്രവാസികാര്യ മന്ത്രാലയം അദ്ദേഹത്തിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

വിദേശത്ത് ജോലി പൂർത്തിയാക്കി സുരക്ഷിതനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാൽ അപ്രതീക്ഷിതമായ ദുരന്തം അവരെ കണ്ണീരിലാഴ്ത്തി. കുടുംബത്തിന്റെ ജീവിതം മെച്ചപ്പെടുത്താൻ വിദേശത്തേക്ക് പോയ മഹ്മൂദിന്റെ വിയോഗത്തോടെ രണ്ട് പിഞ്ചുകുട്ടികൾക്ക് പിതാവിനെ നഷ്ടമായി.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം സൃഷ്ടിച്ച മാനുഷിക ദുരന്തത്തിന്റെ മറ്റൊരു മുഖമാണ് മഹ്മൂദിന്റെ മരണം. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) പുറത്തുവിട്ട കണക്കുകൾ പ്രകാരം ശനിയാഴ്ചയുണ്ടായ ഹൂതി ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കൊല്ലപ്പെട്ടവരിൽ നാല് സൗദി പൗരന്മാരും രണ്ട് ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടുന്നു. ജോർദാൻ, ഈജിപ്ത്, അമേരിക്ക, സിറിയ, ഫലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഓരോ പൗരന്മാരും മരിച്ചവരിലുണ്ടെന്നാണ് റിപ്പോർട്ട്.

Content Highlights: saudi news