ജിദ്ദ വിമാനത്താവളത്തിൽ ടെർമിനൽ 4-ലേക്കുള്ള വിമാന സർവീസുകളുടെ മാറ്റം പൂർത്തിയായി

#ജാഫറലി പാലക്കോട്

ജിദ്ദ: കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെയും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന്റെയും ഭാഗമായി നോർത്ത് ടെർമിനലിൽനിന്നുള്ള എല്ലാ വിമാന സർവീസുകളും ടെർമിനൽ നമ്പർ 4-ലേക്കും ഹജ്ജ്, ഉംറ ടെർമിനൽ സമുച്ചയത്തിലേക്കും മാറ്റുന്ന നടപടി പൂർത്തിയാക്കിയതായി ജിദ്ദ എയർപോർട്ട്‌സ് കമ്പനി അറിയിച്ചു.

സെപ്റ്റംബർ 27-നാണ് ടെർമിനൽ 4-ന്റെ പ്രവർത്തനം ഘട്ടംഘട്ടമായി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ സർവീസുകൾ പുതിയ ടെർമിനലിലേക്ക് മാറ്റിയിരുന്നു. അംഗീകരിച്ച സമയക്രമമനുസരിച്ച് ഒരാഴ്ചയിലുടനീളം വിമാന സർവീസുകൾ മാറ്റുന്ന നടപടികൾ തുടരും.

വിമാനത്താവളത്തിലെ വിവിധ ടെർമിനലുകൾക്കിടയിൽ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നോർത്ത് ടെർമിനലിൽനിന്നുള്ള വിദേശ വിമാനക്കമ്പനികളുടെയും ടെർമിനൽ നമ്പർ ഒന്നിൽനിന്നും ഹജ്ജ്, ഉംറ ടെർമിനൽ സമുച്ചയത്തിൽനിന്നുമുള്ള ചില വിമാനക്കമ്പനികളുടെയും സർവീസുകളാണ് പുനഃക്രമീകരിക്കുന്നത്. ഇതിലൂടെ വിമാനത്താവളത്തിന്റെ ശേഷി വർധിപ്പിക്കാനും യാത്രാ നടപടികൾ കൂടുതൽ സുഗമമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

97,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ടെർമിനൽ 4-ന് പ്രതിവർഷം 1.5 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. ആധുനിക പ്രവർത്തന-സാങ്കേതിക സംവിധാനങ്ങൾക്കൊപ്പം ഹജ്ജ്, ഉംറ തീർഥാടകർക്കായി പ്രത്യേകം സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സൗദി അറേബ്യയുടെ വ്യോമയാന മേഖലയെ ശക്തിപ്പെടുത്തുന്നതിനും ദേശീയ വ്യോമയാന പദ്ധതിയുടെയും വിഷൻ 2030-ന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ ടെർമിനലിന്റെ പ്രവർത്തനം.

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ വിമാനം ഏത് ടെർമിനലിൽനിന്നാണ് പുറപ്പെടുന്നതെന്ന് ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ പരിശോധിക്കണമെന്ന് ജിദ്ദ എയർപോർട്ട്‌സ് കമ്പനി യാത്രക്കാരോട് നിർദേശിച്ചു.

Content Highlights: saudi news