ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയ്ക്ക് കൂട്ടായ നീക്കങ്ങൾ ശക്തമാക്കണം: സൗദി ആഭ്യന്തര മന്ത്രി

റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ സുരക്ഷാ സഹകരണം കൂടുതൽ ശക്തമാക്കണമെന്നും ഭീഷണികളെ നേരിടാൻ മുൻകൂട്ടിയുള്ള കൂട്ടായ ആസൂത്രണം വേണമെന്നും സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ആഹ്വാനം ചെയ്തു. ബഹ്റൈനിൽ നടന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ 43-ാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിസിസിയിലെ ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ഏത് സുരക്ഷാ ഭീഷണിയും മുഴുവൻ ഗൾഫ് മേഖലയ്ക്കുമുള്ള വെല്ലുവിളിയായി കാണണമെന്ന് അദ്ദേഹം വ്യക്തമാക്കി. ആറ് ഗൾഫ് രാജ്യങ്ങളുടെയും സുരക്ഷ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണെന്നും നിലവിലെ പ്രാദേശിക-അന്തർദേശീയ വെല്ലുവിളികളെ നേരിടാൻ സമഗ്രമായ പദ്ധതികളും ഏകോപനവും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദിയിലെ സിവിലിയൻ-സാമ്പത്തിക സ്ഥാപനങ്ങൾക്കും വിശുദ്ധ പള്ളികൾക്കും നേരെ ഇറാൻ പിന്തുണയുള്ള ഹൂതി മിലീഷ്യ നടത്തുന്ന ആക്രമണങ്ങളെ അമീർ അബ്ദുൽ അസീസ് ശക്തമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈൻ ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും മാർഗനിർദേശപ്രകാരമാണ് സുരക്ഷാ സഹകരണ നീക്കങ്ങൾ മുന്നോട്ടുപോകുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രി അറിയിച്ചു. അടുത്ത (44-ാമത്) ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും.