സൗദിക്ക് നേരെ ഹൂതികളുടെ ആക്രമണം തുടരുന്നു; മിസൈലും ഡ്രോണും തകർത്ത് സഖ്യസേന

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് യമനിലെ ഹൂതി വിമതർ നടത്തിയ ആക്രമണശ്രമം ചെറുത്ത് സഖ്യസേന. സൗദി അറേബ്യയ്ക്ക് നേരെ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ തകർത്തതായും കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ ഡ്രോൺ തടഞ്ഞുനശിപ്പിച്ചതായും യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ നാലുമണിക്ക് ശേഷമാണ് റിയാദ്, നജ്റാൻ, റിയാദ് പ്രവിശ്യയുടെ തെക്കൻ മേഖലയായ വാദി അൽദവാസിർ എന്നിവിടങ്ങളിൽ വ്യോമാക്രമണ ഭീഷണിയുണ്ടെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയത്. എർലി വാണിങ് പ്ലാറ്റ്ഫോം വഴിയായിരുന്നു മുന്നറിയിപ്പ്.
മുന്നറിയിപ്പ് പുറപ്പെടുവിച്ച് മിനിറ്റുകൾക്കകം തലസ്ഥാനമായ റിയാദിൽ രണ്ട് ഉഗ്രസ്ഫോടന ശബ്ദങ്ങൾ കേട്ടു. റിയാദിന് നേരെ ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകർത്തതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി പിന്നീട് എക്സിലൂടെ അറിയിച്ചു.
കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ ഡ്രോൺ തടഞ്ഞുനശിപ്പിച്ചതായും അൽ മാലികി നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സൗദി അറേബ്യയ്ക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമാണ്. റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണവും ഇതിൽ ഉൾപ്പെടുന്നു. വർഷങ്ങൾക്കിടെ രാജ്യത്തുണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്.
യമനുമായി അതിർത്തി പങ്കിടുന്ന സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയായ നജ്റാൻ നേരത്തെയും നിരവധി തവണ റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. റിയാദ് പ്രവിശ്യയുടെ തെക്കൻ ഭാഗത്ത് റുബ്അൽ ഖാലി (ശൂന്യ മരുഭൂമി) മേഖലയ്ക്ക് സമീപമാണ് വാദി അൽദവാസിർ സ്ഥിതി ചെയ്യുന്നത്.
സൗദി പ്രദേശങ്ങൾ ലക്ഷ്യമിട്ടുള്ള ചില ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഹൂതികൾ നിഷേധിച്ചിട്ടുണ്ടെങ്കിലും അതിർത്തി കടന്നുള്ള ആക്രമണങ്ങൾ അടുത്തിടെ ഗണ്യമായി വർധിച്ചിട്ടുണ്ട്. ജൂലൈയിൽ നാല് വർഷമായി നിലനിന്നിരുന്ന ദുർബലമായ വെടിനിർത്തൽ തകർന്നതും അമേരിക്കയും ഇറാനും തമ്മിലുള്ള പ്രാദേശിക സംഘർഷം വ്യാപിച്ചതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.
2014-ന്റെ അവസാനത്തിൽ ഹൂതികൾ യമൻ തലസ്ഥാനമായ സൻആ പിടിച്ചെടുത്തതോടെയാണ് രാജ്യത്തെ സംഘർഷം രൂക്ഷമായത്. തുടർന്ന് ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത യുദ്ധം, അറേബ്യൻ ഉപദ്വീപിലെ ഏറ്റവും ദരിദ്ര രാജ്യമായ യമനെ ലോകത്തിലെ ഏറ്റവും ഗുരുതരമായ മാനുഷിക പ്രതിസന്ധികളിലൊന്നിലേക്ക് തള്ളിവിട്ടു.
Content Highlights: saudi-intercepts-houthi-missile-drone-attacks