റിയാദിനെ ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്ത് സൗദി

റിയാദ്: യമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ റിയാദിനെ ലക്ഷ്യമിട്ട് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി സഖ്യസേനയുടെ വ്യോമപ്രതിരോധ വിഭാഗം തകർത്തു. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ട് എത്തിയ മറ്റൊരു മൂന്ന് ഡ്രോണുകളും തകർത്തതായി അധികൃതർ അറിയിച്ചു.
ഞായറാഴ്ച പുലർച്ചെയാണ് ആക്രമണശ്രമമുണ്ടായത്. പുലർച്ചെ 4.08ന് റിയാദ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകി സൗദി സിവിൽ ഡിഫൻസിന്റെ അടിയന്തര അറിയിപ്പ് മുഴങ്ങി. മിനിറ്റുകൾക്കുശേഷം മൂന്ന് വലിയ സ്ഫോടനശബ്ദങ്ങൾ കേട്ടതായും തുടർന്ന് അപകടഭീഷണി ഒഴിഞ്ഞതായി അധികൃതർ അറിയിച്ചതായും റിപ്പോർട്ടുണ്ട്.
തൊട്ടുപിന്നാലെ യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി എക്സിലൂടെ ആക്രമണവിവരം സ്ഥിരീകരിച്ചു. റിയാദിനെ ലക്ഷ്യമിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായി അദ്ദേഹം അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലേക്ക് തൊടുത്ത മൂന്ന് ഡ്രോണുകളും പ്രതിരോധസേന തകർത്തു.
സൗദി വിമാനത്താവളങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ഊർജമേഖലയിലെ നിർണായക സ്ഥാപനങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഹൂതികൾ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. റിയാദിലെ സാമ്പത്തിക മേഖലയിലുള്ള സൗദി ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ ഭരണകാര്യ കെട്ടിടത്തിന് സമീപകാലത്തുണ്ടായ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
സൗദിയുടെ എണ്ണ, പ്രകൃതിവാതക ശേഖരത്തിന്റെ ഭൂരിഭാഗവും അരാംകോയുടെ ആസ്ഥാനവും സ്ഥിതി ചെയ്യുന്ന കിഴക്കൻ പ്രവിശ്യ കഴിഞ്ഞ ഏതാനും ആഴ്ചകളായി ആവർത്തിച്ചുള്ള ആക്രമണശ്രമങ്ങൾക്ക് ഇരയാകുന്നുണ്ട്.
ഒക്ടോബറിൽ നടന്ന മറ്റൊരു ആക്രമണത്തിൽ അരാംകോയുടെ സ്ഥാപനങ്ങൾക്ക് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. റിയാദിലെ സാമ്പത്തിക മേഖലയെ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ ആക്രമണങ്ങളും രാജ്യത്തിന്റെ നിർണായക അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ സൗദിയിലെ വിവിധ വിമാനത്താവളങ്ങളെയും ഹൂതികൾ ആവർത്തിച്ച് ലക്ഷ്യമിട്ടിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം സെപ്റ്റംബർ മുതൽ സൗദിക്കെതിരായ ആക്രമണങ്ങളിൽ 26 പേർ കൊല്ലപ്പെട്ടു. ഇതിൽ 23 പേരും വിമാനത്താവളങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലാണ് ജീവൻ നഷ്ടപ്പെട്ടത്.
കഴിഞ്ഞ ബുധനാഴ്ചയും റിയാദ്, മക്ക ഉൾപ്പെടെയുള്ള വിവിധ മേഖലകളിലേക്ക് നീങ്ങിയ ഹൂതി മിസൈലുകളും ഡ്രോണുകളും സൗദി വ്യോമപ്രതിരോധ സേന തടഞ്ഞിരുന്നു. ശനിയാഴ്ച റിയാദിലേക്കും രാജ്യത്തിന്റെ തെക്കൻ മേഖലയിലേക്കും തൊടുത്ത രണ്ട് ഡ്രോണുകൾ തകർത്തതായും സഖ്യസേന അറിയിച്ചിരുന്നു.
ഹൂതി വിമതർക്കെതിരെ യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന, സൗദിക്കെതിരായ അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്ക് മറുപടിയായി യെമനിലെ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങളും ശക്തമാക്കിയിട്ടുണ്ട്.