തൊഴിൽ, താമസ,അതിർത്തി സുരക്ഷാ നിയമലംഘനം: ഒരാഴ്ചയ്ക്കിടെ 9,169 പേർ പിടിയിൽ; 14,000 പേരെ നാടുകടത്തി

#ജാഫറലി പാലക്കോട്

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 9,169 പേരെ ഒരാഴ്ചയ്ക്കിടെ പിടികൂടി. നവംബർ 19 മുതൽ 25 വരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രയും പേരെ പിടികൂടിയത്.

പിടിയിലായവരിൽ 4,797 പേർ താമസനിയമം ലംഘിച്ചവരും 2,623 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും 1,749 പേർ തൊഴിൽ നിയമങ്ങൾ ലംഘിച്ചവരുമാണ്. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോർട്ട് പ്രകാരം, അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,373 പേരെയും രാജ്യത്തുനിന്ന് നിയമവിരുദ്ധമായി പുറത്തുകടക്കാൻ ശ്രമിച്ച 21 പേരെയും പിടികൂടി. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമലംഘകരെ കടത്തിക്കൊണ്ടുപോകുക, താമസസൗകര്യം ഒരുക്കുക, ജോലി നൽകുക, ഒളിവിൽ കഴിയാൻ സഹായിക്കുക തുടങ്ങിയ കുറ്റങ്ങളിൽ 23 പേരും അറസ്റ്റിലായി.

നിലവിൽ നിയമനടപടികൾ നേരിടുന്ന നിയമലംഘകരുടെ എണ്ണം 38,500 ആണ്. ഇതിൽ 2,105 പേർ സ്ത്രീകളാണ്. യാത്രാരേഖകൾ ലഭ്യമാക്കുന്നതിനായി 24,000-ത്തിലധികം പേരെ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾക്ക് കൈമാറി. യാത്രാ നടപടികൾ പൂർത്തിയാക്കുന്നതിനായി 8,800-ത്തിലധികം പേരെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് അയച്ചു. ഏകദേശം 14,000 പേരെ ഇതിനകം നാടുകടത്തി.

അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് ആളുകളെ സൗദിയിലേക്ക് കടത്താൻ സഹായിക്കുന്നവർക്കും രാജ്യത്തിനകത്ത് ഇവരെ കൊണ്ടുപോകുന്നവർക്കും താമസസൗകര്യം ഒരുക്കുന്നവർക്കും ഏതെങ്കിലും തരത്തിലുള്ള സഹായമോ സേവനമോ നൽകുന്നവർക്കും കർശന ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഇത്തരം കുറ്റങ്ങൾക്ക് പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസസൗകര്യത്തിനായി ഉപയോഗിച്ച കെട്ടിടങ്ങളും കണ്ടുകെട്ടുന്നതിനൊപ്പം കുറ്റവാളികളെ പരസ്യമായി അപമാനിക്കുന്ന നടപടികളും സ്വീകരിക്കും. ഈ കുറ്റകൃത്യം ഗുരുതരമായ കുറ്റങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതും അറസ്റ്റ് നിർബന്ധമാക്കുന്നതുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരമറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തെ മറ്റ് മേഖലകളിൽ 999, 996 എന്നീ നമ്പറുകളിലും വിവരങ്ങൾ അറിയിക്കാം.

Content Highlights: Saudi Arabi, illegal Migration, Arrest